തീരദേശ പ്രദേശമായ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ വർഷങ്ങളായുള്ള കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കാണുവാൻ മീരാൻ കടവിൽ വാട്ടർടാങ്ക് നിർമ്മിക്കണമെന്ന ആശയം മുന്നോട്ടുവച്ച് സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ.
അഞ്ചുതെങ്ങ് മീരാൻ കടവ് - കടയ്ക്കാവൂർ അഞ്ചുതെങ്ങ് മേഖലകളിൽ ഒഴിഞ്ഞുകിടക്കുന്ന സർക്കാർ ഭൂമിയിൽ വാട്ടർ ടാങ്ക് നിർമ്മിച്ചുകൊണ്ട് തീരദേശ ഗ്രാമമായ അഞ്ചുതെങ്ങിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് ആശ്യമാണ് അഞ്ചുതെങ്ങ് സജൻ മുന്നോട്ടുവയ്ക്കുന്നത്.
കടലിനും കായലിനാലും ചുറ്റപ്പെട്ടുകിടക്കുന്ന അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിന്റെ കുടിവെള്ളക്ഷാമത്തിന് വർഷങ്ങളായിട്ടും പരിഹാരം കാണുവാൻ കഴിഞ്ഞിട്ടില്ല. ഭക്ഷണം പാചകം ചെയ്യുന്നതിനടക്കം ഇവിടുത്തുകാർ ആശ്രയിക്കുന്നത് പൈപ്പ് ലൈനുകൾ വഴിയെത്തുന്ന കുടിവെള്ളത്തെയാണ്.
അഞ്ചുതെങ്ങിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളം എത്തുന്നത് ആഴ്ചയിൽ രണ്ടോ മൂന്നോ തവണയാണ്, ചിലപ്പോൾ ആഴ്ചകളോളം കിട്ടാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്.
നിലവിൽ അഞ്ചുതെങ്ങ് മീരാൻ കടവ് - കടയ്ക്കാവൂർ അഞ്ചുതെങ്ങ് മേഖലകളിൽ സർക്കാർ ഭൂമി ഒഴിഞ്ഞുകിടക്കുന്നുണ്ട് ഈ പ്രദേശം അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത് ആയതിനാൽ തന്നെ എല്ലാ മേഖലകളിലും കുടിവെള്ളം ഒരേ അളവിൽ എത്തിയ്ക്കുവാനും ഇത് സഹായകരമാകും അതിനാൽ ഈ സ്ഥലം സർക്കാർ വിട്ടുനൽകാൻ നടപടി കൈക്കൊണ്ട് ഇവിടെ വാട്ടർ ടാങ്ക് നിർമ്മിച്ചാൽ അഞ്ചുതെങ്ങിലെ കുടിവെള്ള ക്ഷാമത്തിന് ഒരു പരിധിവരെ ശാശ്വത പരിഹാരം കാണുവാൻ സാധിക്കുമെന്ന ആശയമാണ് അദ്ദേഹം മുന്നോട്ടു വച്ചത്.
ഇതുകൂടാതെ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിന് ആകെ ലഭ്യമാകുന്ന കുടിവെള്ളത്തിന്റെ മുക്കാൽ ശതമാനവും പ്രദേശത്തെ വിവിധ പൈപ്പുകൾ പൊട്ടി മാസങ്ങളോളം ഒഴുകിപ്പോകുന്ന അവസ്ഥയിലുമാണ്. കാലപ്പഴക്കം ചെന്ന ശുദ്ധജല പൈപ്പ് ലൈനുകൾ ഈ മേഖലകളിൽ പൊട്ടുന്നത് സ്ഥിരം സംഭവമായി മാറിയിട്ടുണ്ട്.
പൈപ്പ് പൊട്ടി ശുദ്ധജലം ഒഴുകുന്നത് വാട്ടർ അതോറിറ്റി ജീവനക്കാരെ യഥാസമയം അറിയിച്ചാൽ പോലും ആരുംതന്നെ തിരിഞ്ഞുനോക്കാത്ത അവസ്ഥയാണ് മാസങ്ങളോളം കുടിവെള്ളം ഒഴുകി പോയിട്ടും യഥാസമയം അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ ആറ്റിങ്ങൽ വാട്ടർ അതോറിറ്റിയുടെ ഭാഗത്തുനിന്നും കടുത്ത അനാസ്ഥയാണ് ഉണ്ടാകാറുള്ളത്.
കുടിവെള്ള പൈപ്പുകൾ പൊട്ടി ഹൈ പ്രഷറിൽ ഒഴുകിപോകുന്നതോടെ വെള്ളത്തിന്റെ ഫോഴ്സ് കുറയുകയും മറ്റു പ്രദേശങ്ങളിൽ കുടിവെള്ളം എത്തുന്നതിന് ഇത് തടസ്സം ആവുകയും ചെയ്യുന്നുണ്ട്.
ഇതിനാൽ തന്നെ അഞ്ചുതെങ്ങിലെ വിവിധ ഉൾപ്രദേശങ്ങളിലെ കോളനികൾ അടക്കമുള്ള സ്ഥലങ്ങളിൽ കുടിവെള്ളം ക്ഷാമം അതിരൂക്ഷമാകുവാനും കാരണമായിത്തീർന്നിട്ടുണ്ട്.
ഇതിനാൽ തന്നെ പ്രദേശത്തെ കാലപ്പഴക്കം ചെന്ന എല്ലാ പൈപ്പ് ലൈനുകളും മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ട് വെക്കുന്നു.
ഇത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, ജലവിഭവ വകുപ്പ് മന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, ആറ്റിങ്ങൽ എംപി, ചിറയിൻകീഴ് എംഎൽഎ, ജില്ലാ കളക്ടർ തുടങ്ങിയവർക്ക് നിവേദനം അയച്ചു.