*കൊല്ലം :* വ്യാപാരിയുടെ നേർക്ക് മുളകുപൊടി വിതറി ആക്രമിച്ച ശേഷം സ്വർണമാല കവർന്നു. കൊട്ടാരക്കര വെണ്ടാറിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പൂത്തൂർ സ്വദേശി വിദ്യാധരൻ്റെ നേർക്കാണ് ആക്രമണം ഉണ്ടായത്.വ്യാപാരിയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വെണ്ടാർ ജംഗ്ഷനിൽ നിന്ന് ഹൈസ്കൂളിലേക്ക് പോകുന്ന റോഡരികിൽ വ്യാപാരം നടത്തുന്ന വിദ്യാധരൻ ഇന്നലെ രാത്രി 11 മണിയോടെ കട അടച്ച് വീട്ടിലേക്ക് പോകാൻ തുടങ്ങുമ്പോൾ ബൈക്കിലെത്തിയ രണ്ടംഗസംഘം വഴി ചോദിച്ച് ഇദ്ദേഹത്തിന് മുന്നിൽ വണ്ടി നിർത്തുകയും, വഴി പറഞ്ഞു കൊടുക്കുന്നതിനിടയിൽ മുളക് സ്പ്രേ മുഖത്തേക്ക് അടിച്ച് ആക്രമിക്കുകയും ആയിരുന്നു.
പിന്നാലെ ഇദ്ദേഹത്തിൻ്റെ കഴുത്തിൽ ഉണ്ടായിരുന്ന മാലപൊട്ടിച്ച സംഘം പോക്കറ്റിൽ നിന്ന് പണം കവരാൻ ശ്രമിക്കുന്നതിനിടെ മൽപ്പിടുത്തം ഉണ്ടാവുകയും ആക്രമികൾ ശ്രമം ഉപേക്ഷിച്ച് മാലയുമായി കടന്നു കളയുകയും ആയിരുന്നു. വിദ്യാധരൻ തന്നെയാണ് നാട്ടുകാരെ വിവരമറിയിച്ചത്. തുടർന്ന് നാട്ടുകാർ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.