ആറ്റിങ്ങൽ: നഗരസഭ പച്ചംകുളം വാർഡ് 27 പാലസ്റോഡ് ശ്രീ വിലാസത്തിൽ എസ്.ലീലാഭായി അമ്മ (82) യാണ് കഴിഞ്ഞ ദിവസം വീട്ടുവളപ്പിലെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസെത്തി നടപടികൾ പൂർത്തിയാക്കി ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ സഹായത്തോടെ മൃതദേഹം ചിറയിൻകീഴ് താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് നടത്തിയ സ്രവ പരിശോധനയിൽ കൊവിഡ് പോസിറ്റീവാണെന്നു സ്ഥിരീകരിക്കുകയും പോസ്റ്റുമോർട്ടത്തിന് മൃതശരീരം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റുകയുമുണ്ടായി. ആശുപത്രി നടപടികൾ പൂർത്തിയാക്കി ഡി.വൈ.എഫ്.ഐ വെസ്റ്റ് മേഖലാ കമ്മിറ്റി അംഗവും ജനപ്രതിനിധിയുമായ വി.എസ്.നിതിൻ, ഈസ്റ്റ് മേഖലാ കമ്മിറ്റി അംഗം അർജുൻ, കൊച്ചാലുംമൂട് യൂണിറ്റ് അംഗം ആരോമൽ തുടങ്ങിയവർ മൃതദേഹം ഏറ്റുവാങ്ങി നഗരസഭ ശ്മശാനത്തിൽ സംസ്കരിച്ചു.
ആറ്റിങ്ങൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ റിട്ട. അധ്യാപികയായിരുന്നു അന്തരിച്ച ലീലാഭായി അമ്മ. കുറച്ച് നാളുകളായി വീട്ടിൽ ജോലിക്കാരിയോടൊപ്പം ആയിരുന്നു ഇവരുടെ താമസം. എന്നാൽ ഏതാനും ദിവസം മുമ്പ് ജോലിക്കാരി അസുഖ സംബന്ധമായി അവധിയെടുത്ത് മടങ്ങി പോയിരുന്നു. മരണം സംഭവിക്കുമ്പോൾ ലീലാഭായി അമ്മ ഒറ്റക്കാണ് വീട്ടിലുണ്ടായിരുന്നത്.