*ശബരിമല തീര്‍ഥാടനത്തിന് സമാപനം; തിരുവാഭരണ ഘോഷയാത്രാ സംഘം ഇന്ന് മടക്കയാത്ര തുടങ്ങും*

ശബരിമല: മണ്ഡല, മകരവിളക്ക് തീർഥാടനകാലത്തിനു സമാപനംകുറിച്ച് ശബരിമല മാളികപ്പുറത്ത് ഗുരുതി നടന്നു. മലദൈവങ്ങൾക്കും ഭൂതഗണങ്ങൾക്കുമുള്ള സമർപ്പണമാണ് ഗുരുതി. അത്താഴപൂജ കഴിഞ്ഞ് നടയടച്ചശേഷം ചടങ്ങുകൾക്ക് തുടക്കമായി. മണിമണ്ഡപത്തിനുമുന്നിൽ പ്രത്യേകമൊരുക്കിയ സ്ഥലത്ത് കളമെഴുതിയായിരുന്നു ഗുരുതി. രാജപ്രതിനിധി മൂലംതിരുനാൾ ശങ്കർവർമ ഗുരുതിക്കുറുപ്പിന് ദക്ഷിണനൽകി.

വ്യാഴാഴ്ച രാവിലെ അഞ്ചിനു നടതുറക്കും. തുടർന്ന് നിർമ്മാല്യവും പതിവ് അഭിഷേകവും നടക്കും. 5.15-ന് ഗണപതിഹോമത്തിനു ശേഷം ആറുമണിയോടെ തിരുവാഭരണ പേടകങ്ങൾ വഹിച്ച് പേടകവാഹകർ മടക്കയാത്ര ആരംഭിക്കും. തുടർന്ന് ശബരിമലയിലുള്ള പന്തളം രാജപ്രതിനിധിയും കുടുംബാംഗങ്ങളും അയ്യപ്പദർശനത്തിനായി എത്തും. ഈസമയത്ത് സോപാനത്തോ തിരുമുറ്റത്തോ മറ്റാർക്കും പ്രവേശനം ഉണ്ടാവില്ല. ദർശനം പൂർത്തിയായാൽ ഉടൻതന്നെ ഹരിവരാസനം പാടി നട അടയ്ക്കും. തുടർന്ന് മേൽശാന്തി പതിനെട്ടുപടികൾ ഇറങ്ങിവന്ന് ശ്രീകോവിലിന്റെ താക്കോലും പണക്കിഴിയും രാജപ്രതിനിധിക്ക് കൈമാറും.
ശേഷം മറ്റൊരു പണക്കിഴിയും ക്ഷേത്രത്തിന്റെ താക്കോലും മേൽശാന്തിക്കും തിരികെനൽകും. ഇനി കുംഭമാസ പൂജകൾക്കായി ഫെബ്രുവരി 12-നാണ് നട തുറക്കുന്നത്.

*തിരുവാഭരണ ഘോഷയാത്രാ സംഘം ഇന്ന് മടക്കയാത്ര തുടങ്ങും*
പന്തളം: ജനുവരി 12-ന് പന്തളത്തുനിന്ന് ശബരിമലയിലേക്ക് തിരിച്ച തിരുവാഭരണ ഘോഷയാത്രാസംഘം വ്യാഴാഴ്ച ശബരിമലയിൽ നിന്ന് മടക്കയാത്ര തുടങ്ങും. നടയടച്ചശേഷമാണ് ആഭരണപ്പെട്ടികൾ ശിരസ്സിലേറ്റി സംഘം മലയിറങ്ങുന്നത്. പരമ്പരാഗത കാനനപാതയിലൂടെത്തന്നെയാണ് മടക്കവും.
പമ്പയിൽ നിന്ന് കൊച്ചു പമ്പ, ചെറിയാനവട്ടം, വലിയാനവട്ടം വഴി അട്ടത്തോട്ടിലെത്തി സംഘം വിശ്രമിക്കും. തുടർന്ന് ഇലവുങ്കൽ, ചെളിക്കുഴി, ളാഹ വനം വകുപ്പ് സത്രത്തിലാണ് ആദ്യ ദിവസം താവളമടിക്കുന്നത്.
21-ന് പുലർച്ചെ ആറിന് ളാഹയിൽ നിന്ന് തിരിക്കുന്ന സംഘം സ്രാമ്പിക്കൽ, പെരുനാട് വഴി പെരുനാട് കക്കാട്ട് കോയിക്കൽ ക്ഷേത്രത്തിലെത്തും. ഇവിടെ ആഭരണങ്ങൾ അയ്യപ്പവിഗ്രഹത്തിൽ ചാർത്തും. വൈകീട്ട് അഞ്ചു മുതൽ എട്ടുവരെ ദർശന സൗകര്യം ഉണ്ടാകും. 22-ന് പുലർച്ചെ മൂന്നിന് ഇവിടെനിന്ന് യാത്രതിരിക്കും. വടശ്ശേരിക്കര, ചെറുകോൽ, അയിരൂർ പുതിയകാവ്, പാമ്പാടിമൺവഴി ആറന്മുള കൊട്ടാരത്തിലാണ് അന്ന് വിശ്രമം.
23-ന് പുലർച്ചെ നാലിന് പന്തളത്തേക്ക് പുറപ്പെടും. കിടങ്ങന്നൂർ, പൈവഴി, കുളനട ദേവീ ക്ഷേത്രം വഴി പന്തളം കൊട്ടാരത്തിൽ എത്തും. ആഭരണപ്പെട്ടികൾ ദേവസ്വം ബോർഡധികാരികളിൽ നിന്ന് കൊട്ടാരം നിർവാഹകസംഘം ഭാരവാഹികൾ ഏറ്റുവാങ്ങി സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിൽ വെക്കും. അയ്യപ്പന്റെ പിറന്നാളായ കുംഭമാസത്തിലെ ഉത്രത്തിനാണ് പിന്നീട് തിരുവാഭരണങ്ങൾ ദർശനത്തിനായി പുറത്തെടുക്കുന്നത്