ആറ്റിങ്ങൽ: കരിച്ചയിൽ നിന്നും കരുത്തലക്കൽ വഴി പനവേലി പറമ്പിലേക്ക് എത്തുന്ന റോഡാണ് യാഥാർത്ഥ്യമാവുന്നത്. എം.എൽ.എ ഒ.എസ്. അംബിക, നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, ഇറിഗേഷൻ വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. അര കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഭാഗത്തെ 50 കുടുംബങ്ങളിൽ അധികവും പിന്നോക്ക വിഭാഗത്തിൽപ്പെട്ടവരാണ്. ഇവർക്ക് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ വെള്ളക്കെട്ടുള്ള ചതുപ്പിലൂടെ ഏറെ സമയം കാൽ നടയായി സഞ്ചരിച്ച് വേണം പ്രധാന റോഡിലെത്താൻ. അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രോത്സവത്തിന്റെ ആന എഴുന്നള്ളത്തും ഈ ദുർഘട പാതയിലൂടെയാണ് കടന്നുപോകുന്നത്. കൂടാതെ കരിച്ചയിൽ കൈരളി റോഡിലെ പാലത്തിനും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. വലിയ വാഹനങ്ങൾ ഉൾപ്പടെ നിരവധി യാത്രികരാണ് ഈ പാത ഗതാഗതത്തിന് ഉപയോഗിക്കുന്നത്. ഇറിഗേഷൻ വകുപ്പിന്റെ ഫണ്ടു ഉപയോഗിച്ച് 35 വർഷം പഴക്കമുള്ള പാലം ഉയരം കൂട്ടി പുനർ നിർമ്മിച്ച് സംരക്ഷ ഭിത്തിയും സ്ഥാപിക്കും.
ഇതോടെ പ്രധാന റോഡിലെ മഴവെള്ളക്കെട്ടും പൂർണമായി മാറ്റാൻ കഴിയും. നഗരസഭയുടെയും നാട്ടുകാരുടെയും സഹകരണത്തോടെ കരുത്തലക്കൽ പനവേലിപറമ്പ് റോഡ് പൂർത്തിയാക്കും. ഒരു മീറ്റർ വീതിയുണ്ടായിരുന്ന വയൽ വരമ്പിന് ഇരുവശങ്ങളിലുമുള്ള സ്വകാര്യ ഭൂമി സൗജന്യമായി ഓരോ മീറ്റർ ഏറ്റെടുത്താണ് 3 മീറ്റർ വീതിയുള്ള റോഡ് സാധ്യമാക്കുന്നത്. അടിയന്തിരമായി നിർമ്മാണ പ്രവർത്തനങ്ങളുടെ എസ്റ്റിമേറ്റ് ഹാജരാക്കാൻ വകുപ്പ്തല ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും എം.എൽ.എ അറിയിച്ചു.