*ആഭ്യന്തര വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് കൊണ്ടുപോകാവുന്ന ഹാന്‍ഡ് ബാഗിന്റെ എണ്ണം ഒന്നായി കുറച്ചു*

ന്യൂഡൽഹി: രാജ്യത്തെ വിമാനങ്ങളിൽ യാത്രക്കാർക്ക് കൈയിൽ കൊണ്ടുപോകാവുന്ന ഹാൻഡ് ബാഗുകളുടെ എണ്ണം ഒന്നായി കുറച്ചു. വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കാനും സുരക്ഷാ ഭീഷണി കണക്കിലെടുത്തുമാണ് തീരുമാനം. സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ബ്യൂറോ ഇതുസംബന്ധിച്ച നിർദേശം വിമാന കമ്പനികൾക്ക് നൽകി.

രാജ്യത്തെ എല്ലാ ആഭ്യന്തര വിമാനങ്ങൾക്കുമാണ് പുതിയ നിയമം ബാധകം. ലേഡീസ് ബാഗ് ഉൾപ്പെടെ ഒന്നിൽ കൂടുതൽ ബാഗുകൾ കൈയിൽ കരുതാൻ ഒരു യാത്രക്കാരേയും അനുവദിക്കരുതെന്നാണ് നിർദേശം. നിലവിൽ വിമാനത്താവളങ്ങളിലെ പരിശോധനാ കേന്ദ്രങ്ങളിലേക്ക് ഒരു യാത്രക്കാരൻ ശരാശരി 2-3 ബാഗുകൾ വരെ കൊണ്ടുപോകുന്നുണ്ട്. ഇത് ക്ലിയറൻസ് സമയം വർധിക്കാനും തിരക്ക് കൂടി യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുവെന്നും കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ നിർദേശം.

ഒരു ഹാൻഡ് ബാഗ് മാത്രമേ കൈയിൽ കരുതാൻ പാടുള്ളുവെന്ന വിവരം യാത്രക്കാരെ അറിയിക്കാൻ ടിക്കറ്റുകളിലും ബോർഡിങ് പാസുകളിലും ഇതിനുള്ള നിർദേശം നൽകണം. ചെക്ക് ഇൻ കൗണ്ടറുകൾക്ക് സമീപവും മറ്റും പുതിയ നിയമം സംബന്ധിച്ച നിർദേശം നൽകാൻ ബാനർ, ബോർഡ് തുടങ്ങിയ സ്ഥാപിക്കാൻ വിമാനത്താവള ഓപ്പറേറ്റർമാർ നിർദേശം നൽകണമെന്നും സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ബ്യൂറോയുടെ ഉത്തരവിൽ പറയുന്നു.