കോവിഡ് വ്യാപനം രൂക്ഷമാകുന്നു : മാസ്ക്കും സാമൂഹിക അകലവുമില്ലാതെ അഞ്ചുതെങ്ങ്


▪️രോഗലക്ഷണങ്ങൾ ഉള്ളവർ പോലും ടെസ്റ്റിന് പോകുന്നില്ല.

കോവിഡ് വ്യാപനം അതി രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ മുന്നറിയിപ്പ് നൽകുമ്പോഴും അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിയ്ക്കുന്നതിൽ അധികൃതർ കാര്യമായ ഇടപെടൽ നടത്തുന്നില്ല.

പ്രദേശത്ത് യാതൊരു തരത്തിലുള്ള മുൻകരുതൽ നടപടികളും സ്വീകരിക്കാതെ യാണ് പൊതുജനങ്ങൾ പൊതുനിരത്തുകളിൽ എത്തിച്ചേരുന്നത്. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമുള്ള ഒത്തുചേരുന്നത് പ്രദേശത്തെ നിത്യകാഴ്ചയാണ്.

രോഗലക്ഷണങ്ങളുള്ള പലരും ആവശ്യമായ മുൻകരുതലുകൾ വകവയ്ക്കാതെ  മറ്റുള്ളവരുമായി ഇടപഴകുകയും വിഷയം കൂടുതൽ സങ്കീർണ്ണമാക്കുകയുമാണ്.
മാത്രവുമല്ല രോഗ ലക്ഷണങ്ങൾ ഉള്ളവർ ടെസ്റ്റിന് പോകുവാനും മടി കാട്ടുന്നുണ്ട്.

പ്രദേശത്ത് കൃത്യമായ തരത്തിൽ ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെയും ശക്തമായ പ്രതിരോധ നടപടികളിലൂടെയും ഇടപെടൽ നിർത്തിയില്ലെങ്കിൽ, ഇത് അഞ്ചുതെങ്ങിൽ കോവിഡ് വ്യാപനം നിയന്ത്രണാതീതമായിതീരാൻ കാരണമായ് തീരും.

ഡെല്‍റ്റയെ അപേക്ഷിച്ച്‌ ഒമൈക്രോണിന് വ്യാപനശേഷി കൂടുതലാണ് ഒമൈക്രോണ്‍ വന്നുപോകട്ടെ എന്ന ചിന്തിക്കുന്നത് വലിയ വിപത്തിലേക്ക് കാര്യങ്ങളെ കൊണ്ട്ചെന്നെത്തിച്ചേക്കാം എന്ന ആരോഗ്യവകുപ്പിന്റെ
മുന്നറിയിപ്പ് നിലനിക്കുമ്പോഴും അഞ്ചുതെങ്ങിന് ഇതൊന്നും ബാധകമല്ല എന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്.

അഞ്ചുതെങ്ങ് കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിലവിൽ കോവിഡ് ടെസ്റ്റ്‌, വാക്‌സിനേഷൻ തുടങ്ങിയവയ്ക്ക് സൗകര്യമൊരുക്കിയിട്ടുണ്ടെന്നു പറയപ്പെടുന്നുണ്ടെങ്കിലും, സ്റ്റാഫുകളുടെയും ആവശ്യ സാമഗ്രികളുടെ കാര്യത്തിലും ബുദ്ധിമുട്ടുള്ളതായാണ് സൂചന.

ടെസ്റ്റുകളും വാക്‌സിനേഷനും പ്രയോജനപ്പെടുത്തുന്ന കാര്യത്തിൽ പ്രദേശവാസികളിൽ വലിയൊരു വിഭാഗവും മടി കാട്ടുന്നതായി ബന്ധപ്പെട്ടവർ പറയുന്നു. കഴിഞ്ഞദിവസം ഇവിടെ മുപ്പതുപേരിൽ നടത്തിയ പിസിആർ ടെസ്റ്റിൽ 17 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ ഒൻപതെണ്ണം അഞ്ചുതെങ്ങിൽ നിന്നുള്ളവരും എട്ട് പേർ സമീപ പഞ്ചായത്തിൽ നിന്നുള്ളവരുമാണ്.

ആദ്യഘട്ട വ്യാപനത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായ് മുന്നോട്ടു വന്നിരുന്ന രാഷ്ട്രീയ സാമൂഹിക  സന്നദ്ധസംഘടനകളിൽ ഭൂരിപക്ഷവും നിലവിലെ സാഹചര്യത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് താല്പര്യം കാട്ടാത്ത അവസ്ഥയിലാണ്.

എത്രയും പെട്ടെന്ന് തന്നെ അടിയന്തര നടപടികൾ സ്വീകരിച്ചുകൊണ്ട്  ബന്ധപ്പെട്ടവർ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ പ്രദേശത്തെ കോവിഡ് വ്യാപനം നിയന്ത്രണാതീതമായി തീരുമെന്നതിൽ സംശയമില്ല.