മല്ലപ്പള്ളി: സ്കൂൾ വിദ്യാർഥിനിയെ കാറിനുള്ളിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കായികപരിശീലകൻ പിടിയിൽ. കീഴ്‌വായ്പൂര് പാലമറ്റത്ത് റിട്ട.കേണൽ ജോസഫ് തോമസിനെ(ജെ.ടി.പാലമറ്റം-72) ആണ് കീഴ്‌വായ്പൂര് പോലീസ് ഇൻസ്‌പെക്ടർ ജി.സന്തോഷ്‌കുമാർ അറസ്റ്റുചെയ്തത്. മുണ്ടിയപ്പള്ളി ഭാഗത്തുള്ള മൈതാനത്ത് പെൺകുട്ടികൾക്കുമാത്രമായി ഇയാൾ സ്വകാര്യ ഹാൻഡ്‌ബോൾ പരിശീലനകേന്ദ്രം നടത്തിയിരുന്നു. ഇവിടെയെത്തുന്ന കുട്ടികളെ കാറിൽ വീടുകളിലും മറ്റ് കളിസ്ഥലങ്ങളിലും എത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ, വീട്ടിൽ വിടുന്നതിനുപകരം പലരെയും ആളൊഴിഞ്ഞ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നെന്ന ആക്ഷേപത്തെത്തുടർന്ന് ആറുമാസമായി പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ശനിയാഴ്ച നെല്ലിമൂടിന് സമീപം കാർ കിടക്കുന്നതുകണ്ട് നാട്ടുകാർ പോലീസിൽ അറിയിച്ചു. തുടർന്ന് പോലീസെത്തി ഇയാളെ അറസ്റ്റുചെയ്തു.തുടർന്ന് പെൺകുട്ടിയെ വീട്ടിലാക്കി. പ്രതിയെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കും.