ഇന്ന് മഹാകവി കുമാരാനാശാന്റെ ഓർമ്മ ദിനം.

അനശ്വരങ്ങളായ കൃതികളിലൂടെ ഇന്നും മനസ്സുകളിൽ ജീവിക്കുന്ന മഹാകവിയാണ് കുമാരനാശാൻ. തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് ഗ്രാമത്തിൽ കായിക്കര എന്ന മനോഹരമായ കടലോരഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ ജനനം.

പടിഞ്ഞാറ് അറേബ്യൻ കടലും കിഴക്ക് അഞ്ചുതെങ്ങ് കായലും, കായൽ മധ്യത്ത് പ്രകൃതിരമണീയമായ പൊന്നുംതുരുത്തും. ചിറയിൻകീഴ് താലൂക്കിലെ അഞ്ചുതെങ്ങ് കായിക്കര എന്ന ഗ്രാമത്തിൽ തൊമ്മൻവിളാകത്തുവീട്ടിൽ ആയിരത്തി നാൽപ്പത്തിഎട്ട് മേടം ഒന്നാം തീയതി (1873 ഏപ്രിൽ 12ന്) മഹാകവി കുമാരനാശാൻ ജനിച്ചു.

അച്ഛൻ നാരായണനും, അമ്മയുടെ പേർ കാളിയമ്മയുമെന്നായിരുന്നു. സംസ്‌കൃത വിദ്യാർത്ഥിയായിരിക്കെ 14-ാമത്തെ വയസ്സിൽ താൻ പഠിച്ച അഞ്ചുതെങ്ങ് കായിക്കര സ്കൂളിൽ തന്നെ അദ്ധ്യാപകവൃത്തിയിലേർപ്പെട്ടു. തുടർന്ന് കുറച്ചുനാൾ കണക്കെഴുത്തുകാരനായും ജോലി നോക്കി. ഇളംപ്രായത്തിൽതന്നെ അദ്ദേഹം ശ്രംഗാരശ്ലോകങ്ങൾ രചിക്കാറുണ്ടായിരുന്നു.

കുമാരനാശാനെ മഹാകവിയാക്കിയ ഖണ്ഡകാവ്യമാണ് വീണപുവ്. ശ്രീനാരായണ ഗുരുവിനോടൊത്ത് 1083 വൃശ്ചികത്തിൽ (1907) പാലക്കാട്ടെ ജൈനമേട്ടിൽ താമസിച്ചിരുന്നപ്പോഴാണ് ആശാൻ വീണപൂവ് രചിച്ചത്.

മൂർക്കോത്ത് കുമാരന്റെ പത്രാധിപത്യത്തിൽ തലശ്ശേരിയിൽ നിന്നിറങ്ങുന്ന ‘മിതവാദി’യിലാണ് ആദ്യം വീണപുവ് പ്രസിദ്ധീകരിച്ചത്. മഹാകാവ്യമെഴുതാതെ തന്നെ മഹാകവിയായ കുമാരനാശാനെ ലോകത്താകെയുള്ള കാവ്യധാരകളോടും പ്രതിഭകളോടും അണിചേർത്തത് വീണപുവാണ്.

മനുഷ്യജീവിതത്തിന്റെ നശ്വരതയും അനിശ്ചിതത്വവും ആവിഷ്‌കരിക്കാൻ കവിക്ക് വെറും 164 വരികൾ മതിയായിരുന്നു. ഉള്ളൂരും, വള്ളത്തോളും, ആശാനുമാണ് മലയാള കവിതയെ മണിപ്രവാള വൈതരണികളിൽ നിന്ന് മോചിപ്പിച്ചുകൊണ്ടു വന്നത്. മനുഷ്യ ജീവിതവും പ്രകൃതിയും തമ്മിലുള്ള ഇഴ പിരിയാനാകാത്ത ബന്ധത്തിന്റെ രസതന്ത്രമാണ് വീണപൂവിൽ ഇതൾവിരിയുന്നത്. ആശാന്റെ മറ്റുകവിതകളിൽ നായികമാരും നായകന്മാരുമുള്ളപ്പോൾ വീണപൂവിൽ പൂവുമാത്രം നായകത്വം വഹിക്കുന്നു.

മഹാകാവ്യമെഴുതാതെ തന്നെ ആശാൻ മഹാകവിയായി അംഗീകരിക്കപ്പെട്ടു. അത്യഗാധമായ മനസ്സിന്റെ ഉടമയായിരുന്നു അദ്ദേഹം – അതുകൊണ്ട് തന്നെ ആഴമേറിയ ആശയങ്ങളുടെ കലവറകൂടിയാണ് അദ്ദേഹത്തിന്റെ കവിത. അതിധന്യമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.

മാനവികതയുടെ മഹത്തായ ചൈതന്യം ഉൾക്കൊള്ളുന്ന താണ് മലയാളത്തിന്റെ സർഗ്ഗ സൃഷ്ടികളുടെ ശക്തി. മലയാള കവിതയുടെ ആഴം വർദ്ധിപ്പിക്കുകയും അതിന്റെ വികാസത്തിന് പുത്തൻപാതകൾ തെളിയിക്കുകയും ചെയ്ത മഹാകവി, നിന്ദിതരുടേയും, പീഡിതരുടേയും ഉന്നതിക്കായി ജീവിതകാലം മുഴുവൻ പ്രയത്‌നിച്ച സാമൂഹ്യപരിഷ്‌കർത്താവ് എന്നീ നിലകളിലും എക്കാലവും സ്മരിക്കപ്പെടും.

 ശ്രീനാരായണ ഗുരുവിന്റെ വത്സലശിഷ്യനായിരുന്നു, കവി. അദ്ദേഹത്തെ കുമാരനാശാനാക്കിയതും ഗുരുതന്നെ. ഡോ. പൽപ്പുവിലും, കുമാരനാശാനിലുമായിരുന്നു ഗുരു തന്റെ പിൻഗാമിയെ ദർശിച്ചിരുന്നത്.

▪️പ്രധാനകൃതികൾ.

ചിന്താവിശിഷ്ടയായ സീത,
ദുരവസ്ഥ,
ബാലരാമായണം,
ശ്രീബുദ്ധചരിതം,
കിളിപ്പാട്ട്,
മേഘസന്ദേശം (തർജ്ജിമ),
സൗന്ദര്യലഹരി (തർജ്ജിമ),
വീണപുവ്,
കരുണ,
നളിനി,
ലീല,
പ്രരോദനം,
ചണ്ഡാലഭിഷുകി
തുടങ്ങിയ ഖണ്ഡകാവ്യങ്ങൾ കൂടാതെ,

മണിമാല,
വനമാല,
പുഷ്പവാടി
തുടങ്ങിയവ കവിതാ സമാഹാരങ്ങളുമാണ്.

മലയാള കാവ്യ സാഹിത്യശാഖയിൽ ശ്രദ്ധേയങ്ങളായ കൃതികൾ രചിച്ച ആശാൻ 1922-08 വെയിസ് രാജകുമാരനിൽ നിന്നും പട്ടുംവളയും സ്വീകരിച്ചു. ബാംഗ്ലൂരിൽ ഉപരിപഠനത്തിനായി പോയ കുമാരനാശാൻ അവിടെ ഡോ. പൽപ്പുവിന്റെ അന്തേവാസിയായി കഴിഞ്ഞു.

1903 മെയിൽ എസ്എൻഡിപി യോഗം രജിസ്റ്റർ ചെയ്തപ്പോൾ അതിന്റെ സ്ഥാപക, സെക്രട്ടറിയായി സ്ഥാനമേറ്റു. യോഗത്തിന്റെ ആശയ പ്രചരണത്തിനായി രുപം കൊണ്ട ”വിവേകോദയം”പത്രത്തിന്റെ ചുമതലയും ആശാൻ വഹിച്ചിരുന്നു. കൂടാതെ ശ്രീമൂലം അസംബ്ലിയിലെ അംഗംഎന്ന നിലയിൽ ഇന്ത്യയിലെതന്നെ ആദ്യകാല നിയമസഭാസാമാജികരിലൊരാളായി പ്രവർത്തിച്ചു. ഏറെവൈകി തന്റെ നാല്പത്തിനാലാം വയസ്സിലായിരുന്നു ആശാന്റെ വിവാഹം. അങ്ങനെ 1918 ൽ ഭാനുമതിയമ്മയുമായുള്ള വിവാഹം നടന്നു.

1924 ജനുവരി 16 (1099​ ​മ​ക​രം​ 3​-ാം​ ​തീ​യ​തി) പല്ലനയാറ്റിലുണ്ടായ ബോട്ടപകടത്തിൽ ആ വിലപ്പെട്ട ജീവൻ അപഹരിക്കപ്പെട്ടു. ഭാഷയുടേയും സാഹിത്യത്തിന്റെയും വളർച്ചക്ക് ആശാൻ സ്വകൃതികളിലൂടെ നൽകിയ സംഭാവനകൾ എന്നെന്നും നിലനില്ക്കും.

കുമാരനാശാൻ ഈ ലോകത്തോട് വിടപറഞ്ഞുവെങ്കിലും സാഹിത്യ ലോകത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ ലോകം ഉള്ളിടത്തോളം കാലം എന്നും എപ്പോഴും സ്മരിക്കപ്പെടും എന്ന കാര്യം തർക്കമറ്റതാണ്. ആശാൻ തന്റെ അവസാനയാത്രക്കായി ”റെഡീമർ” എന്ന ബോട്ടിൽ കയറിയപ്പോൾ കയ്യിലുണ്ടായിരുന്ന ട്രങ്ക് പെട്ടിയിൽ രണ്ട് കയ്യെഴുത്തിപ്രതികൾ ഉണ്ടായിരുന്നു.

ആശാന്റെ അവസാനത്തെ ഖണ്ഡകാവ്യമായ കരുണയും അവതാരിക എഴുതാൻ ഗ്രന്ഥകർത്താവ് ആശാനെ ഏല്പിച്ച  ജീവചരിത്രവും. ബോട്ടപകടത്തെ തുടർന്ന് അദ്ദേഹത്തിന്റെപെട്ടി വീണ്ടെടുത്തെങ്കിലും മഷികൊണ്ടെഴുതിയിരുന്നതിനാൽ ജീവ ചരിത്രത്തിൽ നിന്നും അക്ഷരങ്ങളെല്ലാം മാഞ്ഞുപോയിരുന്നു.

പക്ഷേ, പെൻസിൽ കൊണ്ടെഴുതിരുന്നതിനാൽ വായിക്കാൻ കഴിയുന്ന അവസ്ഥയിലായിരുന്ന ആ സുന്ദരകാവ്യം – കരുണ.

മഹാകവിയുടെ ഓർമ്മകൾക്ക് മുന്നിൽ മീഡിയ 16 ന്റെ പ്രണാമം.. 🙏🏻