തിരുവനന്തപുരം: കമാൻഡോ ആകണമെന്ന മോഹം മനസ്സിൽ സൂക്ഷിച്ച് അഞ്ച് ദേശീയ ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഒരു യുവാവ് വിതുരയിലുണ്ട്; 33 കാരനായ രഞ്ജിത് ഇസ്രായേൽ. 2013-ൽ ഉത്തരാഖണ്ഡിലുണ്ടായ മേഘവിസ്ഫോടനം, 2018-ൽ കേരളത്തെ നടുക്കിയ പ്രളയദുരന്തം, 2019-ൽ കവളപ്പാറയിലും 2020-ൽ ഇടുക്കി പെട്ടിമുടിയിലുമുണ്ടായ ഉരുൾപൊട്ടലുകൾ, ഉത്തരാഖണ്ഡിലെ തപോവൻ ടണൽ ദുരന്തം എന്നീ പ്രകൃതിദുരന്തങ്ങളിലാണ് രഞ്ജിത്ത് രക്ഷാപ്രവർത്തനം നടത്തിയത്.
നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സിൻറെയും സേവ് ആലപ്പി ഫോറത്തിലെയും അംഗമാണ് രഞ്ജിത്. ഒരു പ്രതിഫലവും ആഗ്രഹിക്കാതെ രാഷ്ട്രസേവനം എന്നതു മാത്രമാണ് ഈ മേഖലയിൽ രഞ്ജിത്തിനുള്ള താത്പര്യം. സൈന്യത്തിൽ കമാൻഡോ ആകുക എന്നതായിരുന്നു രഞ്ജിത്തിന്റെ ഏറ്റവും വലിയ മോഹം. അതിനായി കുട്ടിക്കാലം മുതൽ കായികരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. പഞ്ചഗുസ്തി, ബോഡി ബിൽഡിങ്, നീന്തൽ എന്നിവയിലൊക്കെ പ്രതിഭ തെളിയിച്ചു. മൂന്നു തവണ ജൂനിയർ മിസ്റ്റർ ട്രിവാൻഡ്രമായി. 2005-ൽ ജൂനിയർ മിസ്റ്റർ ഇന്ത്യക്കായി മധ്യപ്രദേശിൽ നടന്ന ദേശീയ ബോഡി ബിൽഡിങ് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു.
സൈനിക സ്വപ്നങ്ങൾ തകർത്തത് 21-ാമത്തെ വയസ്സിൽ ബാധിച്ച രോഗമായിരുന്നു. ചികിത്സകൾക്കുശേഷം രോഗം ഭേദമായെങ്കിലും സൈന്യത്തിൽ ചേരാനുള്ള പ്രായം അതിക്രമിച്ചിരുന്നു. സൈന്യത്തിൽ ചേരാനായില്ലെങ്കിലും ദുരന്തങ്ങൾ നടക്കുന്നിടത്തു രക്ഷകനായി ഓടിയെത്താൻ രഞ്ജിത്ത് തീരുമാനിച്ചു. അതിനായി ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ലൈഫ് സേവിങ് ടെക്നിക്സ്, പർവതാരോഹണം, ഫോറസ്റ്റ് സർവൈവിങ് ടെക്നിക്സ്, പവർബോട്ട് ഓപ്പറേഷൻസ് എന്നിവയിലൊക്കെ പരിശീലനം നേടി.
തുടർന്ന് സൗജന്യ സേവനവുമായി ദുരന്തമുഖങ്ങളിലേക്ക്. സേവനരംഗത്തെ പ്രവർത്തനങ്ങൾക്ക് അതത് ജില്ലകളിലെ കളക്ടർമാർ നൽകിയിട്ടുള്ള അനുമോദന സർട്ടിഫിക്കറ്റുകൾ മാത്രമാണ് ആകെയുള്ള സമ്പാദ്യമെന്ന് ഈ യുവാവ് പറയുന്നു. വിദേശത്തുനിന്നുള്ള കമ്പനികൾ ജോലി വാഗ്ദാനം ചെയ്യുമ്പോഴും പ്രകൃതിദുരന്തങ്ങൾ നമ്മെ വിട്ടുമാറാതെ നിൽക്കുമ്പോൾ എങ്ങനെ പോകാനാവുമെന്ന് രഞ്ജിത് ചോദിക്കുന്നു.