കോഴിക്കോട്:കോവിഡ് വ്യാപനത്തിനു പിന്നാലെ ജലദോഷപ്പനികൂടി വ്യാപകമായതോടെ മരുന്നുവിൽപ്പന കുത്തനെ കൂടി. ലക്ഷണംപറഞ്ഞ് കടകളിൽനിന്ന് സ്വന്തമായി മരുന്നുവാങ്ങി കഴിക്കുന്നവരുടെ എണ്ണം മൂന്നാഴ്ചയ്ക്കുള്ളിൽ കൂടി. സംസ്ഥാനത്ത് അക്യൂട്ട് ഡ്രഗ്സ് (അസുഖങ്ങൾക്ക് ഹ്രസ്വകാലത്തേക്ക് നൽകുന്ന മരുന്നുകൾ) വിപണിയിൽ മുന്നിട്ടുനിൽക്കുന്ന നാല് ബഹുരാഷ്ട്ര കമ്പനികളുടെ പ്രതിനിധികളും അനൗദ്യോഗികമായി നൽകുന്നത് റെക്കോഡ് വിൽപ്പനയുടെ കണക്കാണ്.
സർക്കാർ ചികിത്സാ കേന്ദ്രങ്ങളിൽ പനിയും ജലദോഷവുമായി പോയാൽ കോവിഡ് പരിശോധനയ്ക്ക് ശുപാർശചെയ്യും. സ്വകാര്യ ക്ളിനിക്കുകളിലും ആശുപത്രികളിലും വലിയ ഫീസ് നൽകി പോകാൻ മാത്രം ഗൗരവമുള്ള അസുഖമില്ല. ഇതാണ് മെഡിക്കൽ ഷോപ്പുകളിൽ നേരിൽച്ചെന്ന് മരുന്നുവാങ്ങാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ചികിത്സാകേന്ദ്രങ്ങളിൽ രോഗികളുടെ എണ്ണത്തിൽ 10 മുതൽ 30 വരെ ശതമാനമാണ് വർധന. എന്നാൽ, മരുന്ന് വിൽപ്പനയിൽ മുൻവർഷത്തെക്കാൾ 30 മുതൽ 80 വരെ ശതമാനം വർധന രേഖപ്പെടുത്തി.
*വർധന ഡിസംബർ 31 മുതൽ*
ജലദോഷപ്പനി രോഗികൾ വർധിച്ചത് ഡിസംബർ 31 മുതലാണെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ. രാത്രിയിലും പുലർച്ചെയുമുള്ള കനത്ത മഞ്ഞും പകലുള്ള ചൂടുമാണ് ഇത്തരം പനികൾ കൂടാൻ കാരണമെന്നാണ് നിഗമനം. ആരോഗ്യവകുപ്പിനു കീഴിലുള്ള ചികിത്സാ കേന്ദ്രങ്ങളിൽമാത്രം 10 മുതൽ 15 വരെ ശതമാനം പുതിയ രോഗികൾ പ്രതിദിനം ഉണ്ടായിട്ടുണ്ട്.
വിൽപ്പന മുൻവർഷത്തെക്കാൾ 30 - 80% കൂടിയവ*
പാരസെറ്റമോൾ, സിട്രിസിൻ, അസിത്രോമൈസിൻ, അമോക്സിസിലിൻ, അസെക്ളോഫിനാക് പ്ളസ് പാരസെറ്റമോൾ, സൈനാറെസ്റ്റ്, വൈകോറിൽ, ആംബ്രോക്സോൾ സിറപ്പ് (ചുമയ്ക്ക്), ക്ളോർഫെനിറാമിൻ മലെയ്റ്റ് പ്ളസ് പാരസെറ്റമോൾ പ്ളസ് ഫെനിലിഫ്രിൻ (ജലദോഷപ്പനി), നേസൽ ഡ്രോപ്, സിങ്ക്, കാൽസ്യം, വൈറ്റമിൻ-സി
*സ്വയംചികിത്സയുടെ അപകടം*
ഓരോ രോഗിക്കും എത്ര അളവിൽ, എത്ര നേരം, എത്ര ദിവസം മരുന്ന് കഴിക്കണമെന്നത് നിശ്ചയിക്കേണ്ടത് ഡോക്ടറാണ്.
ആന്റിബയോട്ടിക് മരുന്നുകൾ നിർദേശിക്കപ്പെട്ട രീതിയിൽ കഴിച്ചില്ലെങ്കിൽ പിന്നീട് ആ മരുന്ന് ഫലിക്കാതാവുന്ന അവസ്ഥ (ആന്റിബയോട്ടിക് റെസിസ്റ്റൻസ്) തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാം.
ഒരേ ലക്ഷണമുള്ള ഒട്ടേറെ അസുഖങ്ങളുണ്ട്. ലക്ഷണങ്ങളെ മരുന്ന് കഴിച്ച് ഒതുക്കുന്നത് രോഗം ഗുരുതരമാക്കും.