*അപകടരമായ ഫയലുകള്‍ക്ക് മുന്നറിയിപ്പ്; സുരക്ഷയൊരുക്കി ഗൂഗിളിന്റെ പുതിയ ഫീച്ചര്‍*

പലവിധങ്ങളായ ഫയലുകൾ കൈമാറ്റം ചെയ്യുന്നതിന് ഗൂഗിൾ ഡ്രൈവ് ഉപയോഗപ്പെടുത്തുന്നുണ്ട്. ജിമെയിൽ വഴിയുള്ള വിവരക്കൈമാറ്റത്തിന് ഉപയോഗപ്പെടുത്തുന്നതും ഗൂഗിൾ ഡ്രൈവിനെയാണ്. പലപ്പോഴും ഇമെയിൽ വഴിയുള്ള മാൽവെയർ ആക്രമണങ്ങൾ നടക്കുന്നത് ഇമെയിലിൽ നിന്നും കംപ്യൂട്ടറിലും മറ്റ് ഉപകരണങ്ങളിലും ഡൗൺലോഡ് ചെയ്യുന്ന ഫയലുകളിലൂടെയാണ്. അവ പലതും കൈമാറ്റം ചെയ്യുന്നതും ഗൂഗിൾ ഡ്രൈവിലൂടെയുമാണ്.

ഈ സാഹചര്യങ്ങളിൽ ഉപഭോക്താക്കൾക്ക് അധിക സുരക്ഷ നൽകുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. ഇതുവഴി ഗൂഗിൾ ഡ്രൈവിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന ഫയലുകൾ സംബന്ധിച്ച് ഗൂഗിൾ അപകടമുന്നറിയിപ്പ് നൽകൂം.
ഡൗൺലോഡ് ചെയ്യാൻ പോകുന്ന ഫയലുകൾക്ക് മുകളിലായി നൽകുന്ന ഒരു ബാനറിലാണ് മുന്നറിയിപ്പുണ്ടാവുക. അപകടകരമാവാൻ സാധ്യതയുള്ള ഡോക്യുമെന്റ്, ഇമേജ് എന്നിവ ഉൾപ്പെടെയുള്ള ഫയലുകൾ ഡൗൺലോഡ് ചെയ്ത് തുറക്കാൻ ശ്രമിക്കുമ്പോൾ ഈ മുന്നറിയിപ്പ് കാണാൻ സാധിക്കുമെന്ന് ആൻഡ്രോയിഡ് സെൻട്രൽ റിപ്പോർട്ട് ചെയ്യുന്നു.
ഗൂഗിൾ വർക്ക് സ്പേസ്, ജി സ്യൂട്ട് ബേസിക്, ജിസ്യൂട്ട് ബിസിനസ് ഉപഭോക്താക്കൾക്കെല്ലാമായി ഈ ഫീച്ചർ ലഭ്യമാക്കുന്നുണ്ട്.
ഈ ഫയൽ സംശയാസ്പദമാണെന്നും നിങ്ങളുടെ വ്യക്തിവിവരങ്ങൾ മോഷ്ടിക്കാൻ ഉപയോഗിക്കാനിടയുണ്ടെന്നുമുള്ള സന്ദേശമാണ് ബാനറിൽ കാണിക്കുക.