*വരകളുടെ തമ്പുരാന്റെ നാട്ടിലെ രുചികളുടെ തമ്പുരാന് വിട*

 കിളിമാനൂർ: വരകളുടെ തമ്പുരാന്റെ നാട്ടിൽ രുചിയുടെ തമ്പുരാനായി പതിനായിരങ്ങൾക്ക് വച്ചു വിളമ്പിയ അപ്പുകുട്ടൻ നായർ ഇനി ഓർമ്മ. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം ചൂട്ടയിൽ കൊച്ചുവിള വീട്ടിൽ അപ്പുക്കുട്ടൻ നായർ യാത്രയാകുമ്പോൾ അവസാനിക്കുന്നത് രുചിക്കൂട്ടിന്റെ മേളപ്പെരുമയാണ്.
കിളിമാനൂരുകാരുടെ നളൻ, പഴയിടം തുടങ്ങി നിരവധി വിശേഷണങ്ങളാണ് അപ്പുക്കുട്ടൻ നായർക്ക് ജനങ്ങൾ ചാർത്തിയിരുന്നത്. സ്‌കൂൾ കലോത്സവങ്ങളിലും വിവാഹ വേദികളിലെയും ആകർഷണമായിരുന്നു അപ്പുക്കുട്ടൻ നായരുടെ സദ്യ.
ജില്ലയിൽ നടക്കുന്ന ഒട്ടുമിക്ക സ്‌കൂൾ കലോത്സവങ്ങളിലെയും പാചകപ്പുരയിലെ മുഖ്യ പാചകക്കാരൻ എന്നതിലുപരി സജീവ സാന്നിദ്ധ്യമായിരുന്നു ഒരുകാലത്ത് അപ്പുകുട്ടൻ നായർ. ജില്ലയിൽ കലോത്സവം നിശ്ചയിച്ചു കഴിഞ്ഞാൽ ഭക്ഷണത്തിന്റെ ചുമതല വഹിക്കുന്ന സമിതി ആദ്യം തേടുക ഇദ്ദേഹത്തെയായിരുന്നു. പ്രദേശത്തെ വിവാഹ സദ്യകളിലെയും മുഖ്യ പാചകക്കാരൻ അപ്പുകുട്ടൻ നായരായിരുന്നു. ഇദ്ദേഹത്തിന് ഒഴിവില്ലെങ്കിൽ മാത്രമേ മറ്റൊരാളെ പരിഗണിച്ചിരുന്നുള്ളൂ.കല്യാണം ഉറപ്പിക്കുന്നതിന് സമയം നോക്കുന്നതുപോലും അപ്പുകുട്ടൻ നായരുടെ സമയവും കൂടി പരിഗണിച്ചായിരുന്നു. പാചകം കഴിഞ്ഞു പോകുന്ന രീതിയായിരുന്നില്ല അപ്പുക്കുട്ടൻ നായരുടേത്, കഴിക്കുന്ന ഒാരോരുത്തരുടെയും അടുത്തെത്തി ആഹാരത്തെക്കുറിച്ച് അഭിപ്രായം ആരാഞ്ഞ് അവസാനത്തെ ആളും എണീറ്റ ശേഷമേ അപ്പുക്കുട്ടൻ നായർ പന്തൽ വിടുമായിരുന്നുള്ളൂ, പാചകത്തെ വരുമാന മാർഗത്തിൽ എന്നതിലുപരി ഒരു കലയായി കണ്ട് കഴിക്കുന്നവന്റെ വയറും മനസും നിറയുന്നത് കാണുന്നതാണ് പ്രതിഫലമെന്ന് വിശ്വസിച്ചിരുന്ന ആളാണ് അപ്പുക്കുട്ടൻ നായർ.കിളിമാനൂരിൽ അപ്പുകുട്ടൻ നായർ ഉണ്ടാക്കിയ ഭക്ഷണം ഒരുനേരമെങ്കിലും കഴിക്കാത്തവർ വിരളമായിരിക്കാം. ഉത്സവങ്ങളുടെ അന്നദാനത്തിനും, കല്യാണങ്ങൾക്കും, കലോത്സവ പന്തലുകളിലും അപ്പുക്കുട്ടൻ നായരുടെ രുചി ഇനി ഒരോർമ്മ മാത്രമായിരിക്കും.