മേഖലയിലെ പ്രധാന പാതയ്ക്കരുകില്‍ പൈപ്പുപൊട്ടി വെള്ളം ശക്തമായി പുറത്തേക്കു ചീറ്റുന്നതുമൂലം റോഡും തകര്‍ന്നടിഞ്ഞ നിലയിലാണ്. ചിറയിന്‍കീഴ്-മുരുക്കുംപുഴ പ്രധാന റോഡില്‍ നിലവില്‍ അഴൂര്‍-പെരുങ്ങുഴി-നാലുമുക്ക് കേന്ദ്രീകരിച്ചു നാലോളം സ്ഥലത്തു മെയിന്‍പൈപ്പ് പൊട്ടിത്തകര്‍ന്ന നിലയിലാണ്. സമാനമായ കാഴ്ചകള്‍ ശാര്‍ക്കര-വലിയകട റോഡിലും കടയ്ക്കാവൂര്‍-ചിറയിന്‍കീഴ് പാതയിലും പതിവായി മാറിയിട്ടുണ്ട്. ആറ്റിങ്ങല്‍ ജലഅതോറിറ്റിയുടെ കീഴിലാണു മേഖലയിലെ ജലവിതരണം നടന്നുവരുന്നത്.
ജലക്ഷാമം രൂക്ഷമായതോടെ ജനം കുടിവെള്ളത്തിനായി പരക്കം പായുന്ന അവസ്ഥയിലെത്തിട്ടു ആഴ്ചകള്‍ പിന്നിടുകയാണിവിടെ. പൊട്ടിത്തകര്‍ന്ന ലൈനുകളില്‍ അടിയന്തരമായി അറ്റകുറ്റപണികള്‍ നടത്തണമെന്ന ജനപ്രതിനിധികളുടേയും സന്നദ്ധ സംഘടനാപ്രവര്‍ത്തകരുടേയും പരാതികള്‍ക്കു പരിഹാരം കാണുന്നതില്‍ വാട്ടര്‍ അതോറിട്ടി വിഭാഗം പുലര്‍ത്തിവരുന്ന നിസംഗതകള്‍ക്കെതിരെ ജനരോക്ഷം ഉയര്‍ന്നുകഴിഞ്ഞു.
ഇതിനിടെ അഞ്ചുതെങ്ങ് തീരദേശ മേഖലയില്‍ കുടിവെള്ളവിതരണം ആഴ്ചയിലൊരു ദിവസമായി ചുരുക്കിയിട്ടുള്ളതും വിതരണം ചെയ്യുന്ന വെള്ളം പാതിവഴിയില്‍ പാഴായിപ്പോകുന്നതും മൂലം ജനം കഷ്ടപ്പെടുകയാണ്. മണനാക്ക്-കടയ്ക്കാവൂര്‍-അഞ്ചുതെങ്ങ് റോഡില്‍ പൈപ്പുകള്‍ പൊട്ടി പത്തോളം സ്ഥലങ്ങളില്‍ ജലം പാഴാവുന്നതു പരിഹരിക്കുന്നതിനും നടപടികള്‍ അനന്തമായി നീളുകയാണ്.