മാവേലി എക്‌സ്പ്രസില്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ആരോപണവിധേയനായ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍. എഎസ്‌ഐ എം സി പ്രമോദിനെ സസ്‌പെന്‍ഡ് ചെയ്ത് ഇന്റലിജന്‍സ് എഡിജിപി ഉത്തരവിറക്കി. നേരത്തെ ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണമാരംഭിക്കാനും ഡ്യൂട്ടിയില്‍ നിന്ന് മാറ്റാനും തീരുമാനിച്ചിരുന്നു.
സംഭവത്തില്‍ യാത്രക്കാരുടെയുള്‍പ്പെടെ മൊഴി രേഖപ്പെടുത്തി എസ്പിക്ക് അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയതിനു പിന്നാലെയായിരുന്നു നടപടി. വകുപ്പ് തല അന്വേഷണത്തിന് ശേഷമായിരിക്കും ഇയാള്‍ക്കെതിരായ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുകയെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. യാത്രക്കാരനോട് ക്രൂരമായി പെരുമാറിയ എഎസ്‌ഐക്കെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്.
മാവേലി എക്‌സ്പ്രസ് കണ്ണൂരില്‍ നിന്ന് പുറപ്പെടുമ്പോഴാണ് സംഭവമുണ്ടായത്. സ്ലീപ്പര്‍ കമ്പാര്‍ട്‌മെന്റില്‍ നിലത്തിരിക്കുകയായിരുന്ന യാത്രക്കാരനോട് പരിശോധനയ്‌ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ ടിക്കറ്റ് ചോദിച്ചു. സ്ലീപ്പര്‍ ടിക്കറ്റില്ലെന്നും ജനറല്‍ ടിക്കറ്റ് മാത്രമേയുള്ളൂവെന്നും യാത്രക്കാരന്‍ മറുപടി നല്‍കി. കൈയ്യിലുള്ള ടിക്കറ്റ് എടുക്കാന്‍ പൊലീസുകാരന്‍ ആവശ്യപ്പെട്ടു. ഇതിനിടെയാണ് ഇയാള്‍ യാത്രക്കാരനെ ബൂട്ട് കൊണ്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തത്.
ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. യാത്രക്കാരന്റെ നെഞ്ചിനാണ് ചവിട്ടേറ്റത്. എന്നാല്‍ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് എഎസ്‌ഐ പ്രമോദിന്റെ വാദം. ടിക്കറ്റില്ലാത്ത യാത്രക്കാരനെ ഇറക്കി വിടുക മാത്രമാണ് ചെയ്തതെന്നാണ് ഇയാള്‍ പറയുന്നത്.