സില്‍വര്‍ ലൈനിനു വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. നിയമപ്രകാരം സര്‍വേ നടത്തുന്നതിന് എതിരല്ലെന്ന് വ്യക്തമാക്കിയ കോടതി കെ റെയില്‍ എന്ന് എഴുതിയ അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് വിലക്കി. വിലക്കു നീക്കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല.
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ കേന്ദ്ര നിലപാട് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ നിലപാടില്‍ വ്യക്തതയില്ല. കോടതിയെ ഇരുട്ടത്തു നിര്‍ത്തരുതെന്ന് കോടതി പറഞ്ഞു.
സില്‍വര്‍ ലൈനു വേണ്ടി സംസ്ഥാന സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സില്‍വര്‍ ലൈന്‍ പ്രത്യേക പദ്ധതിയല്ല. 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം അനുസരിച്ച് ഭൂമി ഏറ്റെടുക്കാമെന്ന് റെയില്‍വേ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ കോടതിയെ അറിയിച്ചു. പദ്ധതിക്ക് നല്‍കിയിട്ടുള്ളത് പ്രാഥമിക അനുമതിയാണെന്നും റെയില്‍വേ വ്യക്തമാക്കി.
സില്‍വര്‍ ലൈനിനു വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് റെയില്‍വേ നിലപാട് അറിയിച്ചത്. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വിജ്ഞാപനം നിയമ വിരുദ്ധമാണെന്ന് ആരോപിച്ചാണ് ഹര്‍ജി നല്‍കിയത്.
റെയില്‍വേ ആക്‌ട് പ്രകാരം കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചാല്‍ മാത്രമാണ് സ്‌പെഷല്‍ റെയില്‍വേ പദ്ധതികള്‍ക്കായി സര്‍വേ നടത്താന്‍ കഴിയു എന്നതുള്‍പ്പെടെ ചൂണ്ടിക്കാണിച്ചാണ് ഹരജി. സ്ഥലമേറ്റെടുക്കാനുള്ള വിജ്ഞാപനം കേന്ദ്രസര്‍ക്കാറാണ് പുറപ്പെടുവിക്കേണ്ടത്. പദ്ധതിക്ക് 955.13 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കാന്‍ സ്‌പെഷല്‍ തഹസില്‍ദാരെയടക്കം നിയമിച്ച് ആഗസ്റ്റ് 18ന് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ഇതിന് വിരുദ്ധമായതിനാല്‍ നിലനില്‍ക്കില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അന്തിമ അനുമതിക്കു ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കൂ എന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. സര്‍വേ നടത്താതെ രൂപരേഖ തയ്യാറാക്കിയത് എങ്ങനെ എന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആരാഞ്ഞു.
ശരിയായ സര്‍വേ നടത്താതെ 955 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടതുണ്ടെന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തിയത് എന്ന് കോടതി ചോദിച്ചു. പദ്ധതി കടന്നു പോകുന്ന പ്രദേശങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ എങ്ങനെ കൃത്യമായി മനസിലായെന്നും ഹര്‍ജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.