കുടിവെള്ളക്ഷാമം അതിരൂക്ഷമായ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നത് പതിവായിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ.
അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് (കായിക്കര ) പ്രധാന റോഡിന് സമീപത്തൂടെ കടന്നുപോകുന്ന പ്രധാന കുടിവെള്ള പൈപ്പ് ലൈനാണ്, പൊട്ടി മാസങ്ങളായി കുടി വെള്ളം പാഴായിട്ടും നന്നാക്കുവാൻ അധികൃതർ തയ്യാറാകാത്തത്.
വാർഡ് മെമ്പർ അടക്കമുള്ള വരോട് പ്രദേശവാസികൾ നിരവധിതവണ പരാതികൾ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വാട്ടർ ഗ്രാമ പഞ്ചായത്ത് അധികൃതർ വാട്ടർ അതോറിറ്റി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും പൈപ്പ് ലൈൻ നന്നാക്കി കുടിവെള്ളം പാഴാകുന്നത് തടയുവാൻ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും നാളിതുവരെയും ഉണ്ടായിട്ടില്ല.
പ്രധാന പൈപ്പ് ലൈനിൽ ഉണ്ടായ വിള്ളൽ കാരണം പ്രദേശത്തെ നിരവധി മേഖലകളിൽ കുടിവെള്ളം എത്താത്ത അവസ്ഥയിലുമാണ്. തീരപ്രദേശം ആയതിനാൽ ഈ മേഖലകളിൽ ഭക്ഷണം പാചകം ചെയ്യുന്നത് ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങൾക്ക് എല്ലാം തന്നെ പൈപ്പുകൾ വഴി വിതരണം ചെയ്യുന്ന കുടിവെള്ളത്തെയാണ് ആശ്രയിക്കുന്നത്.
പ്രദേശത്ത് അതി രൂക്ഷമായ കുടിവെള്ള ക്ഷാമത്താൽ , പ്രദേശവാസികൾ കുടിവെള്ളത്തിനായി ദിനംപ്രതി നെട്ടോട്ടമോടുന്ന അവസ്ഥയിൽ പോലും, മാസങ്ങളായി കുടിവെള്ളം പാഴായിപ്പോയിട്ടും പൈപ്പ് ലൈൻ നന്നാക്കുവാൻ നടപടി എടുക്കാത്ത ആറ്റിങ്ങൽ വാട്ടർ അതോറിറ്റി ജീവനക്കാരുടെ നിഷേധാത്മക നടപടി തീർത്തും പ്രതിഷേധാർഹമാണ്.