ചിറയിൻകീഴ്: ചിറയിൻകീഴിൽ കായൽ കൈയേറി നിർമാണം നടത്തിയതായി പരാതി. ചിറയിൻകീഴ് പഞ്ചായത്തിൽ പുളുന്തുരുത്തിക്കു സമീപമാണ് കഠിനംകുളം കായൽ അഞ്ചുതെങ്ങ് കായലുമായി സംഗമിക്കുന്ന സ്ഥലത്ത് വ്യക്തി കായൽ കൈയേറി പാറകെട്ടുകയും മണ്ണിട്ടുനികത്തുകയും ചെയ്തതായി പരാതിയുള്ളത്.
നാട്ടുകാരാണ് കായൽ കൈയേറുന്നതായി ചൂണ്ടിക്കാട്ടി ചിറയിൻകീഴ് വില്ലേജ് ഓഫീസറെ വിവരമറിയിച്ചത്. വില്ലേജ് ഓഫീസർ സ്ഥലത്തെത്തി പുരയിട ഉടമയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകി. താലൂക്ക് സർവേയറെ എത്തിച്ച് സ്ഥലം അളന്ന് തിട്ടപ്പെടുത്തി കൈയേറ്റം നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും നടന്നിട്ടുണ്ടെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും സ്ഥലത്തെത്തിയ ആറ്റിങ്ങൽ തഹസിൽദാർ അറിയിച്ചു.
കൈയേറ്റങ്ങൾ കായലിന്റെ വിസ്തൃതി കുറയ്ക്കുന്നതായും കായലിൽ ഉപജീവനം തേടുന്നവർക്ക് തൊഴിൽനഷ്ടമുണ്ടാക്കുന്നതായും നാട്ടുകാരായ തൊഴിലാളികൾ പറയുന്നു.
കൂടാതെ കായലിനു സമീപം എൻജിൻ ഘടിപ്പിച്ച വലിയ വള്ളങ്ങൾ അടുപ്പിക്കുന്നയിടങ്ങളിൽ കായൽ കൈയേറ്റം ഉണ്ടാകുന്നതിനാൽ കായലിനു മധ്യത്താണ് യാനങ്ങൾ നങ്കൂരമുറപ്പിക്കുന്നത്. ഈ നങ്കൂരങ്ങളിൽപ്പെട്ട് കായൽ തൊഴിലാളികളുടെ വല നശിക്കുന്നത് പതിവായിരിക്കുന്നതായും തൊഴിലാളികൾ പറയുന്നു.