ഫോണ്‍ താന്‍ നേരിട്ട് ഒരു സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ച് പരിശോധിക്കുന്നത് ബാലചന്ദ്രകുമാറുമായുള്ള സംഭാഷണങ്ങള്‍ വീണ്ടെടുക്കാനാണെന്നു ദിലീപ് പറഞ്ഞു. ഇവര്‍ നല്‍കുന്ന വിവരം കോടതിക്കു നല്‍കാമെന്നും ദിലീപ് അറിയിച്ചു. താന്‍ എന്തോ മറയ്ക്കാന്‍ ശ്രമിക്കുന്നുവെന്നു വരുത്തിത്തീര്‍ക്കാനാണ് പ്രോസിക്യൂഷന്‍ ശ്രമിക്കുന്നത്. ഫോണ്‍ ഹാജരാക്കാന്‍ നോട്ടിസ് നല്‍കിയത് ചോദ്യം ചെയ്യലിന്റെ അവസാന ദിവസമാണെന്നും ദിലീപ് അറിയിച്ചു. ഫോണ്‍ കൈമാറണമെന്ന് ആവശ്യപ്പെടുന്നത് തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. വ്യക്തിപരമായ പല വിവരങ്ങളും ആ ഫോണിലുണ്ട്. ഇന്റർനെറ്റ് ബാങ്കിങ് ഉൾപ്പെടെ പല കാര്യങ്ങളും ഈ ഫോൺ വഴിയാണ് നടത്തുന്നതെന്നും ദിലീപ് പറഞ്ഞു.
ഫോൺ ഹൈക്കോടതി റജിസ്ട്രാറിന് കൈമാറാൻ സാധിക്കില്ലെ എന്നു കോടതി ചോദിച്ചു. പ്രതി തന്നെ പരിശോധന നടത്തി വിവരങ്ങൾ അന്വേഷണ സംഘത്തിന് കൈമാറാമെന്ന് പറയുന്നത് കേട്ടുകേൾവിയില്ലാത്തതാണെന്നും കോടതി പറഞ്ഞു.
ഇന്നാണ് ക്രൈംബ്രാഞ്ച് അപ്രതീക്ഷിത നീക്കം നടത്തിയത്. ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനായി പ്രത്യേക അപേക്ഷ നല്‍കി. ഉച്ചയ്ക്ക് 1.45ന് പരിഗണിക്കണമെന്നായിരുന്നു. ആവശ്യം. പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. അന്വേഷണവുമായി ദിലീപ് സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ ഉപഹര്‍ജിയില്‍ ആരോപിച്ചു.
ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാനും വിശകലനം ചെയ്യാനും കൂടുതല്‍ സമയം വേണമെന്നു പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി.എ.ഷാജി അറിയിച്ചതിനെ തുടര്‍ന്നാണു ജസ്റ്റിസ് പി.ഗോപിനാഥ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത മാസം രണ്ടിലേക്കു മാറ്റിയത്. അന്വേഷണ റിപ്പോര്‍ട്ടും ഡിജിറ്റല്‍ തെളിവുകളും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ചോദ്യം ചെയ്യലിനു ശേഷവും പ്രതികള്‍ പുറത്തു തുടരുന്ന സാഹചര്യവും പരിഗണിച്ചാണ് പ്രോസിക്യൂഷന്റെ അപ്രതീക്ഷിത നീക്കം.
കേസില്‍ അന്വേഷണ സംഘം ഹൈക്കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു. മൂന്നു ദിവസം, 33 മണിക്കൂര്‍ പ്രതികളെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങളും ഡിജിറ്റല്‍ തെളിവുകളുമാണ് റിപ്പോര്‍ട്ടിലുള്ളത്. മുദ്രവച്ച കവറിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.”