തിരുവനന്തപുരം: മസ്തിഷ്കമരണം സംഭവിച്ച കൊല്ലം സ്വദേശിയുടെ അവയവങ്ങൾ ദാനം ചെയ്യുന്നത് ഏഴു പേർക്ക്. ചരിത്രത്തിലെ തന്നെ അപൂര്‍വ അവയവ ദാനം. തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് അവയവ മഹാദാനത്തിന് കളമൊരുങ്ങുന്നത്. കൊല്ലം കിളികൊല്ലൂർ സ്വദേശിയായ 54കാരൻ വിനോദാണ് ഏഴുപേരുടെ ജീവിതത്തിന് പുതുവെളിച്ചം നൽകുക.
വിനോദിന്‍റെ എട്ട് അവയവങ്ങള്‍ ദാനം ചെയ്യും. ഹൃദയം ചെന്നൈ എംജിഎം ആശുപത്രിയിലേക്ക് കൊണ്ടുപോകും. ഒരു വൃക്ക തിരുവനന്തപുരം കിംസ് ആശുപത്രിക്ക് കൈമാറും. മറ്റൊരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തന്നെ ഉപയോഗിക്കും.തോൾ മുതൽ കൈകൾ രണ്ടും ഉപയോഗിക്കുക എറണാകുളം അമൃത ആശുപത്രിയിലെ രോഗികൾക്കാണ്. രണ്ടു കണ്ണുകളും തിരുവനന്തപുരം കണ്ണാശുപത്രിക്ക് നൽകി. കരൾ കിംസിനും കൈമാറി.ഒരാളുടെ എട്ട് അവയവങ്ങൾ ദാനം ചെയ്ത സംഭവം റിപ്പോർട്ടു ചെയ്തിട്ടില്ല. ഡിസംബർ 30ന് കൊല്ലം കല്ലുംതാഴത്തു വച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിനോദിന് ഇന്നലെയാണ് മസ്തിഷ്കമരണം സ്ഥിരീകരിച്ചത്. വിനോദ് സഞ്ചരിച്ച ബൈക്ക് സ്വകാര്യബസ് പിന്നിലിടിച്ച് തലയ്ക്ക് പരിക്കേൽക്കുകയായിരുന്നു.