ദിലീപിന്റെ രണ്ട് ഐ ഫോണുകള്‍ അടക്കം മൂന്നു ഫോണുകളും സഹോദരന്‍ അനൂപിന്റെ രണ്ടും സഹോദരീ ഭര്‍ത്താവ് സുരാജിന്റെ ഒരു ഫോണും അടക്കം ആറു ഫോണുകളാണ് കോടതിയില്‍ അഭിഭാഷകന്‍ എത്തിച്ചത്. മുദ്ര വെച്ച കവറില്‍ ഈ ഫോണുകള്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കൈമാറി. ദിലീപ് തന്നെ സ്വകാര്യ ഫോറന്‍സിക് പരിശോധനയ്ക്കായി മുംബൈയിലേക്കയച്ച രണ്ട് ഫോണുകള്‍ ഇന്നലെ രാത്രി കൊച്ചിയില്‍ തിരിച്ചെത്തിച്ചിരുന്നു.
ദിലീപിന്റെ നാലാമത്തെ ഫോണിനായി ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. നിര്‍ണായകമായ നാലാമത്തെ ഫോണ്‍ ദിലീപ് ഒളിപ്പിച്ചതായാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഈ ഫോണിന്റെ ഐഎംഇഐ നമ്ബര്‍ ലഭിച്ചിട്ടുണ്ട്. എവിടെ നിന്നാണ് ഫോണ്‍ വാങ്ങിയതെന്നും കണ്ടെത്തിയതായി സൂചനയുണ്ട്.
നാലാമത്തെ ഫോണിന്റെ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ഹൈക്കോടതിക്ക് കൈമാറും. ഫോണിന്റെ ഐഎംഇഐ നമ്ബര്‍, ബ്രാന്‍ഡ് നെയിം, മോഡല്‍, വില്‍പ്പന നടത്തിയ ഡീലര്‍ എന്നിവരുടെ വിവരങ്ങള്‍ കൈമാറാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്. ഒളിപ്പിച്ച ഫോണ്‍ ദിലീപ് ഉപയോഗിച്ചതിന്റെ ഫോണ്‍വിളി രേഖകളും ( സിഡിആര്‍) അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.
ദിലീപിന്‍റേയും കൂട്ടു പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയും ഫോണ്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഉപഹര്‍ജിയും
ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ച് ഉച്ചയ്ക്ക് 1.45 ന് പരിഗണിക്കും.കോടതിക്ക് കൈമാറുന്ന ഫോണുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. ദിലീപിന്റെ നാലാമത്തെ ഫോണ്‍ ഹാജരാക്കണമെന്ന കാര്യവും പ്രോസിക്യൂഷന്‍ ഇന്ന് കോടതിയില്‍ ഉന്നയിക്കും.