കേരള ലോകായുക്ത നിയമത്തിലെ വകുപ്പ് 14 ഭരണഘടനയുടെ 164-ാം അനുച്ഛേദത്തിന് വിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ഒരു കോടതിയും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍. അതിനിടെ ലോകായുക്ത നിയമ ഭേദഗതിയില്‍ നിന്നും പിന്‍മാറണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് പാര്‍ട്ടി കേന്ദ്ര നേതൃത്വം ആവശ്യപ്പെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. ഭേദഗതി ഓര്‍ഡിനന്‍സ് ലോക്പാല്‍, ലോകായുക്ത നിയമങ്ങളെ ശക്തിപ്പെടുത്തുന്നതില്‍ യെച്ചൂരിയും സി.പി.എമ്മും സ്വീകരിച്ച പുരോഗമനപരമായ നിലപാടുകള്‍ക്ക് വിരുദ്ധമാണ്. സി.പി.എമ്മിന്റെ രാഷ്ട്രീയ ധാര്‍മ്മികത ചോദ്യം ചെയ്യപ്പെടുന്നതും അഴിമതിക്കെതിരെ പാര്‍ട്ടി ഇതുവരെ സ്വീകരിച്ച നിലപാടുകള്‍ ജനങ്ങളെ കബളിപ്പിക്കാന്‍ മാത്രമുള്ളതായിരുന്നെന്നും കരുതേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.