ബെംഗളൂരു: കോവിഡ് മൂന്നാംതരംഗ വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കർണാടക. തിങ്കളാഴ്ച മുതൽ രാത്രി കാല കർഫ്യൂ ഉണ്ടായിരിക്കില്ല. സ്കൂളുകളും കോളേജുകളും തിങ്കളാഴ്ച മുതൽ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറയുന്നതും കോവിഡ് മുക്തിനിരക്ക് വർധിച്ചതുമാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ കാരണം. വാരാന്ത്യ ലോക്ക്ഡൗൺ നേരത്തെ തന്നെ പിൻവലിച്ചിരുന്നു.
മെട്രോ ട്രെയിൻ, ബസ് അടക്കമുള്ള പൊതുഗതാഗതങ്ങളിൽ അതിന്റെ സീറ്റിങ് പ്രാപ്തിക്കനുസരിച്ച് ആളുകളെ ഉൾക്കൊള്ളിക്കാമെന്നും പുതുക്കിയ മാർഗനിർദേശത്തിൽ പറയുന്നുണ്ട്.
തിയേറ്ററുകൾ, ഓഡിറ്റോറിയങ്ങൾ, മൾട്ടിപ്ലെക്സുകൾ എന്നിവയിൽ 50 ശതമാനം ആളുകളെ പ്രവേശിക്കാമെന്നാണ് പറയുന്നത്. അതേ സമയം ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ക്ലബ്ലുകൾ, പബ്ബുകൾ, ബാറുകൾ എന്നിവിടങ്ങൾ പൂർണ്ണശേഷിയോടെ പ്രവർത്തിക്കാൻ അനുവദിക്കുന്നുണ്ട്.
വിവാഹ പാർട്ടികളിൽ 300 പേർക്ക് പങ്കെടുക്കാം. ആരാധനാലയങ്ങളിൽ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം. ജിം, സ്വിമ്മിങ് പൂളുകൾ എന്നിവിടങ്ങളിലും 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാനാകുമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
കർണാടകത്തിൽ വെള്ളിയാഴ്ച 31,198 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. തൊട്ടുമുമ്പത്തെ ദിവസത്തേക്കാൾ 7000 കേസുകളുടെ കുറവുണ്ട്. കർണാടകത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളിൽ പകുതിയും ബെംഗളൂരുവിലാണ്.