അമേരിക്കയിലെ യൂനിവേഴ്സിറ്റി ഓഫ് മേരിലാന്‍ഡ് മെഡിക്കല്‍ സെന്ററിലാണ് ശസ്ത്രക്രിയ നടത്തിയത്. ഹൃദ്രോഗിയായ ഡേവിഡ് ബെന്നറ്റ് എന്ന 57കാരനിലായിരുന്നു പരീക്ഷണം. പന്നിയുടെ ഹൃദയത്തില്‍ ജനിതകമാറ്റം വരുത്തിയാണ് മനുഷ്യനില്‍ സ്ഥാപിച്ചത്. മൂന്നുദിവസത്തേക്കായിരുന്നു ഈ പരീക്ഷണം. ശസ്ത്രക്രിയയ്ക്ക് ശേഷം ബെന്നറ്റ് സുഖം പ്രാപിച്ചുവരികയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ബെന്നറ്റിന്റെ ജീവന് രക്ഷിക്കാനുള്ള അവസാന പ്രതീക്ഷയായിരുന്നു ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. എന്നിരുന്നാലും അദ്ദേഹത്തിന്റെ ദീര്‍ഘകാല അതിജീവന സാധ്യതകള്‍ എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ മൂന്ന് ദിവസം മുമ്ബാണ് നടന്നത്. മൃഗങ്ങളുടെ അവയവങ്ങള്‍ മനുഷ്യരില്‍ മാറ്റിവയ്ക്കാനുള്ള സാധ്യത തേടി വര്‍ഷങ്ങളായി പരീക്ഷണത്തിലായിരുന്നു ഗവേഷകര്‍. ‘ഹൃദയം സാധാരണപോലെ പ്രവര്‍ത്തിക്കുന്നു. ഞങ്ങള്‍ ആവേശഭരിതരാണ്. ഇത് മുമ്ബൊരിക്കലും ചെയ്യാത്ത കാര്യമാണ്. അവയവക്ഷാമം പരിഹരിക്കുന്നതില്‍ നിര്‍ണായക ചുവടുവയ്പ്പാണിത്’- ശസ്ത്രക്രിയക്ക് നേതൃത്വം നല്കിയ മെഡിക്കല്‍ സെന്ററിലെ കാര്‍ഡിയാക് ട്രാന്‍സ്പ്ലാന്റ് പ്രോഗ്രാം ഡയറക്ടര്‍ ഡോ. ബാര്ട്ട്ലി ഗ്രിഫിത്ത് പറഞ്ഞു.
ഡേവിഡ് ബെന്നറ്റിന്റെ ആരോഗ്യനില ഏറെ മോശമായതിനാല്‍ മനുഷ്യഹൃദയം മാറ്റിവെക്കാനാവില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു. തുടര്‍ന്നാണ് ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിക്കുക എന്ന പരീക്ഷണത്തിന് തയ്യാറായത്. ശസ്ത്രക്രിയക്ക് ശേഷം വെന്റിലേറ്റര്‍ സഹായമില്ലാതെ ബെന്നറ്റ് സ്വന്തമായി ശ്വസിക്കുന്നുണ്ട്. നിലവില്‍ ഇസിഎംഒ മെഷീന്റെ സഹായത്തോടെയാണ് പകുതിയോളം രക്തം പമ്ബുചെയ്യുന്നത്. ഇത് പതുക്കെ പൂര്‍ണമായും ഒഴിവാക്കുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ബെന്നറ്റിന്റെ ഹൃദയശസ്ത്രക്രിയ പരീക്ഷണത്തിന് ഉപയോഗിച്ച പന്നിയില്‍ 10 ജനിതകമാറ്റങ്ങളാണ് ഡോക്ടര്‍മാര്‍ വരുത്തിയത്.
മനുഷ്യശരീരം പന്നിയുടെ ഹൃദയത്തെ പുറന്തള്ളുന്നതിന് കാരണമാവുന്ന മൂന്ന് ജീനുകളെ എഡിറ്റ് ചെയ്ത് മാറ്റി. ആറ് മനുഷ്യജീനുകള്‍ എഡിറ്റ് ചെയ്ത് ചേര്‍ക്കുകയും ചെയ്തു. പന്നിയുടെ ഹൃദയപേശികളുടെ അമിതവളര്‍ച്ച തടയുന്നതിനും ജീന്‍ എഡിറ്റിങ് നടത്തി. തുടര്‍ന്നാണ് വിജയകരമായി മനുഷ്യനിലേക്ക് മാറ്റിവച്ചത്. അമേരിക്കയില്‍ അവയവം മാറ്റിവയ്ക്കാനായി കാത്തിരിക്കുന്നവരില്‍ പന്ത്രണ്ടോളം പേര് ദിവസേന മരിക്കുന്നുവെന്നാണ് കണക്ക്.
അവയവം ലഭ്യമല്ലാത്തതാണ് കാരണം. 3,817 അമേരിക്കക്കാരില്‍ കഴിഞ്ഞ തവണ മനുഷ്യഹൃദയം മാറ്റിവയ്ക്കുകയുണ്ടായി. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ന്യൂയോര്‍ക്കിലെ ഡോക്ടര്‍മാര്‍ പന്നിയുടെ വൃക്ക മനുഷ്യനില്‍ ഘടിപ്പിച്ച് വൈദ്യശാസ്ത്രലോകത്ത് ചരിത്രനേട്ടം സൃഷ്ടിച്ചിരുന്നു. മസ്തിഷ്കമരണം സംഭവിച്ച രോഗിയുടെ വൃക്കയ്ക്ക് പകരം ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക വിജയകരമായി വച്ചുപിടിപ്പിക്കുകയായിരുന്നു.