നെടുമങ്ങാട്: വിദ്യാർഥികളിലെ നൈപുണ്യങ്ങളും വൈദഗ്ധ്യങ്ങളും പരമാവധി വികസിപ്പിച്ചെടുക്കാൻ കായിക വിദ്യാഭ്യാസം ഉപകാരപ്പെടുമെന്നും അച്ചടക്കവും സാമൂഹിക സ്നേഹവും ഒത്തുചേർന്ന ഒരു കായികതാരം രാജ്യത്തിനു മുതൽക്കൂട്ടായിരിക്കുമെന്നും മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.
ജില്ലാ കബഡി അസോസിയേഷനും തിരുവനന്തപുരം ഒളിമ്പിക്സ് അസോസിയേഷനും സംയുക്താഭിമുഖ്യത്തിൽ നടത്തിയ പ്രഥമ പുരുഷ, വനിതാ ജില്ലാ ഒളിമ്പിക് കബഡി മത്സരം നെടുമങ്ങാട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് കെ.എസ്.ബാലഗോപാൽ അധ്യക്ഷനായി.
ധ്യാൻചന്ദ് അവാർഡ് ജേതാവ് കെ.സി.ലേഖയെ മന്ത്രി ആദരിച്ചു. ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി റോസ് മേരി പ്രസില്ല, ഇന്ത്യൻ കബഡി പ്രോകബഡി കോച്ച് ഇ.ഭാസ്‌കരൻ, നഗരസഭ വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹരികേശൻ നായർ, വിജുവർമ, പി.രാജീവ്, കെ.വി.സച്ചിൻ, ഗുലാബ് കുമാർ, തുടങ്ങിയവർ സംസാരിച്ചു.