ഒരു പെൺകുട്ടിയെ കൂടി കണ്ടെത്തി,യുവാക്കളെ ട്രെയിനില്‍ വച്ച് പരിചയപ്പെട്ടു,ഇനി കണ്ടെത്താനുള്ളത് നാലുപേരെ

ബംഗളുരു: ബംഗളൂരുവില്‍ കണ്ടെത്തിയ കോഴിക്കോട് വെള്ളിമാട്കുന്ന് ഗവണ്‍മെന്‍റ് ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടികളെ ഇന്ന് കോഴിക്കോടെത്തിക്കും.ബെംഗളൂരുവിലെ ഹോട്ടലില്‍നിന്ന് പെണ്‍കുട്ടിക്കൊപ്പം കസ്റ്റഡിയിലെടുത്ത രണ്ട് യുവാക്കളെയും ചേവായൂര്‍ പൊലീസ് കോഴിക്കോടെത്തിക്കും.

ട്രെയിന്‍ മാര്‍ഗമാണ് ബംഗളൂരുവില്‍ എത്തിയതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. യുവാക്കളെ ട്രെയിനില്‍ വച്ചാണ് പരിചയപ്പെട്ടതെന്നും കുട്ടി മടിവാള പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

കോഴിക്കോട് നിന്നെത്തിയ പൊലീസ് സംഘത്തിന്‍റെ നേതൃത്വത്തില്‍ ഒന്നുകൂടി ചോദ്യം ചെയ്ത ശേഷം ആയിരിക്കും കേരളത്തിലേക്ക് കൊണ്ടുവരിക. മറ്റ് പെണ്‍കുട്ടികളെയും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന യുവാക്കളെയും കണ്ടെത്താനുള്ള ശ്രമം കര്‍ണാടക പൊലീസിന്‍റെ സഹകരണത്തോടെ തുടരുകയാണ്.

ബുധനാഴ്ച വൈകുന്നേരമാണ് ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് ആറ് പെണ്‍കുട്ടികള്‍ കടന്നു കളഞ്ഞത്. മടിവാളയില്‍ ഹോട്ടലില്‍ റൂം എടുക്കാനെത്തിയപ്പോള്‍ സംശയം തോന്നിയ ജീവനക്കാര്‍ പെണ്‍കുട്ടികളെ തടഞ്ഞു നിര്‍ത്തി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഒരാള്‍ പിടിയിലായപ്പോള്‍ മറ്റുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

ഹോട്ടലില്‍ മുറി എടുക്കാനെത്തിയതായിരുന്നു കുട്ടികള്‍. തിരിച്ചറിയല്‍ രേഖകളൊന്നും ഇവരുടെ കൈവശമുണ്ടായിരുന്നില്ല. തുടര്‍ന്ന് സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ പെണ്‍കുട്ടികളെ തടഞ്ഞുവെക്കുകയായിരുന്നു. അഞ്ചുപേര്‍ പൊലീസ് എത്തുമ്പോഴേക്കും രക്ഷപ്പെട്ടതായി ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു. ഒരാളെ പൊലീസില്‍ ഏല്‍പ്പിച്ചു.

ഇതിനുപിന്നാലെയാണ് പെണ്‍കുട്ടികള്‍ക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെ മടിവാള പൊലീസ് കസ്റ്റഡിയിലെടുത്തത്. തൃശ്ശൂര്‍, കൊല്ലം സ്വദേശികളാണ് കസ്റ്റഡിയിലായതെന്ന് പൊലീസ് വ്യക്തമാക്കി.