കിളിമാനൂർ സ്വദേശി 64കാരനായ ചന്ദ്രശേഖരപിള്ളയ്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകീട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്. കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ചന്ദ്രശേഖരപിള്ളയെ ഉടൻ ആശുപത്രിയിലെത്തിച്ച് അടിയന്തിര ശസ്ത്രക്രിയ നടത്തി. കിളിമാനൂർ മുക്ക് റോഡിലെ ഓട്ടോ ഡ്രൈവറാണ് ഇയാൾ.
മഞ്ഞപ്പാറയ്ക്കു സമീപത്തെ തോട്ടിൽ കാൽ കഴുകുന്നതിനിടെയാണ് കാട്ടുപന്നി ആക്രമിച്ചത്. പാഞ്ഞുവന്ന പന്നി വയറ്റിൽ കുത്തുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാർ ചേർന്ന് പിള്ളയെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിക്കുകയായിരുന്നു. ഈ പ്രദേശങ്ങളിൽ പന്നിശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ നിരവധി പേരാണ് ആക്രമണത്തിന് ഇരയായത്.