മൂന്നാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനത്തിന് സാധ്യതയെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം:മൂന്നാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനത്തിന് സാധ്യതയെന്ന് മന്ത്രി വീണാ ജോർജ്. സിപിഐഎം അടക്കം രാഷ്ട്രീയപ്പാർട്ടികളുടെ സമ്മേളനങ്ങളിൽ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

സ്ഥാപനങ്ങളിലാണ് നിലവിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ സ്ഥാപനങ്ങൾ കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ് നിർദേശിച്ചു. സംസ്ഥാനത്ത് 78 ആക്ടീവ് കൊവിഡ് ക്ലസ്റ്ററുകളുണ്ടെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് മരുന്ന് ക്ഷാമമെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും മോണോ ക്ലോണൽ ആന്റിബോഡി, റെംഡെസിവർ , റാബിസ് വാക്‌സിൻ ഇവയെല്ലാം ആവശ്യത്തിനുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വാർത്തകൾക്ക് പിന്നിൽ മരുന്ന് കമ്പനികളുടെ സമ്മർദ്ദമെന്ന് സംശയിക്കുന്നതായും ആരോഗ്യമന്ത്രി പറഞ്ഞു.