സില്‍വര്‍ലൈന്‍: ഹര്‍ജിക്കാരുടെ ഭൂമിയില്‍ സര്‍വേ നടത്തുന്നത് തടഞ്ഞ് ഹൈക്കോടതി

കൊച്ചി:സില്‍വര്‍ലൈന്‍ പദ്ധതിയില്‍ സര്‍വേ തടഞ്ഞ് ഹൈക്കോടതി. ഹര്‍ജിക്കാരുടെ ഭൂമിയിലെ സര്‍വേയാണ് തടഞ്ഞത്. അടുത്ത തവണ കേസ് പരിഗണിക്കുന്നതുവരെ സര്‍വേ പാടില്ലെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. ഫെബ്രുവരി 7നാണ് ഹര്‍ജികള്‍ വീണ്ടും കോടതി പരിഗണിക്കുന്നത്.

പ്രാഥമിക സര്‍വേ നടത്തുന്നതിന് മുന്‍പ് ഡി പി ആര്‍ തയ്യാറാക്കിയോ എന്നായിരുന്നു കോടതി ഉന്നയിച്ച പ്രധാന ചോദ്യം. ഡി പി ആര്‍ തയ്യാറാക്കുന്നതിന് മുന്‍പ് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കണം. വിഷയവുമായി ബന്ധപ്പെട്ട് പത്തോളം ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. റിമോട്ട് സെന്‍സിങ് ഏജന്‍സി വഴിയാണ് സില്‍വര്‍ലൈന്‍ പദ്ധതിക്കായുള്ള സര്‍വേ നടത്തുന്നത്.

സര്‍വേ നടത്തും മുമ്പേ എങ്ങനെ ഡി പി ആര്‍ തയാറാക്കിയെന്ന് കോടതി ചോദിച്ചു. ഏരിയല്‍ സര്‍വേ പ്രകാരമാണ് ഡി പി ആര്‍ തയാറാക്കിയതെന്ന് സര്‍ക്കാര്‍ ഇതിന് മറുപടി നല്‍കി. സാധ്യത പഠനത്തിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

എന്നാല്‍ പ്രാഥമിക സര്‍വേക്ക് പോലും കേരള സര്‍ക്കാരിന് അധികാരമില്ലെന്നാണ് ഹര്‍ജിക്കാരുടെ വാദം. കേന്ദ്ര സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന കാര്യമാണ് ഇതെന്നും പരാതിക്കാര്‍ വാദിക്കുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ തത്വത്തില്‍ ഉള്ള അനുമതിയുടെ അടിസ്ഥാനത്തില്‍ ആണ് സര്‍വേ നടക്കുന്നതെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി.