ഒമിക്രോൺ : സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ

തിരുവനന്തപുരം: ഒമിക്രോൺ പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി സംസ്ഥാനം. ഇൻഡോർ പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 75 ആയി കുറച്ചു. ഔട്ട് ഡോർ പരിപാടികളിൽ പരമാവധി 150 പേർക്ക് പങ്കെടുക്കാം. നേരത്തേ ഇൻഡോറിൽ നൂറും ഔട്ട് ഡോറിൽ ഇരുന്നൂറ് പേർക്ക് പങ്കെടുക്കാമായിരുന്നു. ആളുകൾ കൂടുന്നത് ഒഴിവാക്കി, രോഗബാധ പകരുന്നത് കുറയ്ക്കാനാണ് സർക്കാർ നീക്കം.

സംസ്ഥാനത്ത് ഇതുവരെ 181 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇന്നലെ 29 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. തിരുവനന്തപുരം 10, ആലപ്പുഴ 7, തൃശൂർ 6, മലപ്പുറം 6 എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിൽ 25 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 2 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. 2 പേർക്കാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചത്. ആലപ്പുഴയിലെ 2 പേർക്കാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചത്.