കിളിമാനൂർ നഗരൂർ ഗ്രാമപഞ്ചായത്തിൻ്റെ പല സ്ഥലങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമെന്ന് പരാതി. കഴിഞ്ഞ ദിവസം വെള്ളല്ലൂർ ഊന്നൻ കല്ലിന് സമീപത്ത് വെച്ച് തെരുവ് നായ് കുറുക്ക് ചാടിയതു മൂലം ബൈക്ക് യാത്രികനായ നഗരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അബി ശ്രീരാജിന് പരിക്ക് പറ്റിയിരുന്നു. റോഡിൽ വീണ അബി ശ്രീരാജിൻ്റെ കൈക്കും കാലിനും മുറിവേറ്റു. ഉടൻ തന്നെ നാട്ടുകാർ വൈസ് പ്രസിഡൻ്റിനെ കേശവപുരം കമ്യൂണിറ്റി ഹെൽത്ത് സെൻ്റ്റിൽ എത്തിക്കുകയായിരുന്നു.
പഞ്ചായത്തിൻ്റെ പല ഭാഗങ്ങളിലും തെരുവ് നായ് ശല്യം മൂലം ഇരുചക്രവാഹന യാത്രികർക്ക് ഭീഷണിയായി മാറിയിരിക്കുന്നതായി നാട്ടുകാർ പറഞ്ഞു. ഇത്തരത്തിലുള്ള തെരുവ് നായ്ക്കളെ അമർച്ച ചെയ്ത് ജനങ്ങൾക്ക് സ്വൈര്യ വിഹാരം സാധ്യമാക്കാൻ ബന്ധപ്പെട്ട അധികൃതർ നടപടികൾ കൈക്കൊള്ളണം എന്ന ആവശ്യം ശക്തമായിരിക്കുകയാണ്.