ദിലീപിനെ അറസ്റ്റ് ചെയ്തു കൊണ്ടു പോവുന്ന ദൃശ്യങ്ങളില്‍ പോസ് ചെയ്ത അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ ചൂണ്ടിക്കാണിച്ച് ഇവര്‍ അനുഭവിക്കും എന്ന് ദിലീപ് പറഞ്ഞതിന് താന്‍ സാക്ഷിയാണെന്ന് ബാലചന്ദ്രകുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ‘എസ്.പി കെ.എസ് സുദര്‍ശന്‍റെ കൈ വെട്ടണം’ എന്നതടക്കമുള്ള പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്.
അപായപ്പെടുത്താന്‍ ശ്രമിക്കുക, ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചന നടത്തുക തുടങ്ങിയ കാര്യങ്ങള്‍ എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവര്‍ തമ്മിലുള്ള സംഭാഷണം പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് കേസ്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതികളായ ദിലീപിനെയും, പൾസർ സുനിയെയും, വിജീഷിനെയും വീണ്ടും ചോദ്യം ചെയ്യും. ജയിലിലുള്ള പ്രതികളെ ചോദ്യം ചെയ്യാൻ അനുമതി തേടി ഉടൻ കോടതിയിൽ അപേക്ഷ നൽകും. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്ന ആരോപണത്തിൽ അന്വേഷണം കേന്ദ്രീകരിക്കുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്.