സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ഇന്ന് രാഷ്ട്രം ദേശീയ യുവജനദിനമായി ആചരിക്കുന്നു. 1984-ലാണ് ഭാരതസർക്കാർ സ്വാമി വിവേകാനന്ദന്റെ ജന്മദിനം ദേശീയ യുവജനദിനമായി ആചരിക്കാൻ തീരുമാനിച്ചത്. വേദാന്ത തത്വശാസ്ത്രത്തിന്റെ ആധുനിക കാലത്തെ ഏറ്റവും ശക്തനായ വക്താവും ആത്മീയ ഗുരുവുമായിരുന്നു സ്വാമി വിവേകാനന്ദൻ. ശ്രീരാമനും ശ്രീകൃഷ്ണനും വ്യാഖ്യാനിച്ചു പ്രചരിപ്പിച്ച ഭാരതീയ മതതത്വശാസ്ത്രത്തെ ആധുനിക വ്യാവസായിക ശാസ്ത്രീയ യുഗത്തിനനുസൃതമായി വ്യാഖ്യാനിച്ച ആധ്യാത്മികാചാര്യനാണ് ഇദ്ദേഹം. മതസംസ്കാരത്തിന് ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും ഭാഷയിൽ പുതിയ നിർവചനവും വ്യാഖ്യാനവും നൽകിയ ദാർശനികനായ ഇദ്ദേഹം ഹിന്ദു മതത്തിന് മാനുഷികതയുടെയും ശാസ്ത്രീയതയുടെയും ആധുനികതയുടെയും പുതിയ മുഖം നൽകി. ആധുനിക യുഗത്തിന്റെ മുഖമുദ്രകളായ ഭൗതികവാദം, ശാസ്ത്രീയ ഗവേഷണബുദ്ധി, യുക്തിചിന്ത എന്നിവയ്ക്കെതിരല്ല ഹിന്ദുമതമെന്ന് ഇദ്ദേഹം ലോകത്തിനു കാണിച്ചു കൊടുത്തു. ഇദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ഇന്ത്യയുടെ യുവത്വത്തെ തൊട്ടുണർത്തിയവയായിരുന്നു.1893 സെപ്റ്റംബർ 11-ന്
ഷിക്കാഗോയിൽ വച്ചു നടന്ന വിശ്വവിഖ്യാത പ്രസംഗം
അമേരിക്കയുടെ ആത്മാവിനെ ആത്മാർഥമായി സ്പർശിച്ചു.
ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യവരാൻ നിബോധിത എന്നുപറഞ്ഞ് ലോകത്തെ വിളിച്ചുണർത്തിയ വിവേകാനന്ദൻ സത്യം കണ്ടെത്തുകയും സേവനം ചെയ്യുകയുമാണ് ശരിയായ ജിവിതമെന്ന് ഉദ്ഘോഷിച്ചു.
എൻ.സന്തോഷ് പാറശ്ശാല