ആറ്റിങ്ങൽ: ആലംകോട്ടേക്കുള്ള പാതയിൽ ടി.ബി. ജങ്ഷൻ പാർക്കിന് എതിർവശത്തായി കുടിവെള്ള പൈപ്പ് ലൈൻ പൊട്ടി. ശനിയാഴ്ചയാണ് പൈപ്പ് പൊട്ടിയത്. കുടിവെള്ളം റോഡിലൂടെ ഓടയിലേക്കൊഴുകുകയാണിപ്പോൾ.
കുഴൽപൊട്ടിയ ഭാഗത്ത് റോഡ് ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്. നാലുവരിപ്പാതയിൽ പൈപ്പ് പൊട്ടുന്നത് തുടർക്കഥയാവുകയാണ്. റോഡുപണി പൂർത്തിയായി ദിവസങ്ങൾക്കുള്ളിൽ ടൗൺഹാളിനും കച്ചേരിനടയ്ക്കും ഇടയ്ക്ക് മൂന്നിടത്ത് പൈപ്പ് പൊട്ടിയിരുന്നു. നഗരസഭാകാര്യാലയത്തിനു സമീപത്തും രണ്ടിടത്ത് പൈപ്പ് പൊട്ടി. ഇവിടെയെല്ലാം റോഡ് വെട്ടിപ്പൊളിച്ചാണിവ നന്നാക്കിയത്. നിർമാണം പൂർത്തിയായി ദിവസങ്ങൾക്കുള്ളിൽ റോഡ് വെട്ടിക്കുഴിച്ച് അറ്റകുറ്റപ്പണികൾ നടത്തുന്നത് ഗതാഗതത്തിന് വലിയ തടസ്സമായിട്ടുണ്ട്.
കുടിവെള്ളവിതരണത്തിനായി ഇവിടെ റോഡിൽ സ്ഥാപിച്ചിട്ടുള്ള പൈപ്പുകൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. റോഡിന് വീതികൂടിയപ്പോൾ ഈ കുഴലുകളെല്ലാം റോഡിന് നടുക്കായി. ഭാരമുള്ള വാഹനങ്ങൾ കടന്നുപോകുമ്പോൾ മർദം താങ്ങാനാവാതെ ഇവ പൊട്ടുകയാണ്.
നാലുവരിപ്പാത നിർമിക്കുമ്പോൾ പഴയ കുടിവെള്ള പൈപ്പുകൾ പൂർണമായും മാറ്റി റോഡിന്റെ വശത്ത് സ്ഥാപിക്കുമെന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ, വാഗ്ദാനം പാലിച്ചില്ല. യാത്രക്കാർക്കും നാട്ടുകാർക്കും വ്യാപാരികൾക്കും വലിയ ദുരിതമാണിപ്പോൾ.