*പനി ലക്ഷണമുള്ളവര്‍ പൊതു ഇടങ്ങളില്‍ ഇറങ്ങരുത്‌- ആരോഗ്യമന്ത്രി*

തിരുവനന്തപുരം: പനിയും പനി ലക്ഷണവുമുള്ളവർ പൊതുഇടങ്ങളിലേക്ക് ഇറങ്ങരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പനി ലക്ഷണവുമുള്ളവർ ഓഫീസുകളിൽ പോകുകയോ, കോളേജുകളിൽ പോകുകയോ, കുട്ടികൾ സ്കൂളിൽ പോകുകയോ ചെയ്യരുത്. മറ്റ് അസുഖങ്ങളുള്ളവർ പനി ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കോവിഡ് പരിശോധന നടത്തണം. ജലദോഷം പോലുള്ള ലക്ഷണങ്ങളാണെങ്കിൽ വീട്ടിൽ തന്നെ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ മുഴുവൻ സാഹചര്യവും ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളും വിലയിരുത്തിയാണ് മുന്നോട്ട് പോകുന്നത്. ഈ ഘട്ടത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് പറഞ്ഞ ആരോഗ്യമന്ത്രി പക്ഷേ വ്യക്തിപരമായി ഓരോരുത്തർക്കും കോവിഡ് പകരാതിരിക്കുന്നതിനുള്ള ഉത്തരവാദിത്വം ഉണ്ടായിരിക്കണമെന്നും പറഞ്ഞു.

സംസ്ഥാനത്ത് ഇപ്പോഴുള്ള 1,99,041 കോവിഡ് കേസുകളിൽ മൂന്ന് ശതമാനം മാത്രമാണ് ആശുപത്രികളിലുള്ളത്. ഇതിൽ 0.7 ശതമാനം പേർക്ക് മാത്രമാണ് ഓക്സിജൻ കിടക്കകൾ ആവശ്യമായുള്ളത്. 0.6 ശതമാനം പേർക്ക് മാത്രമാണ് ഐസിയു ആവശ്യമായുള്ളത്.
രാവിലത്തെ കണക്കുകൾ പ്രകാരം മെഡിക്കൽ കേളേജിലെ വെൻറിലേറ്ററുകളുടെ ഉപയോഗത്തിൽ കുറവ് വന്നിട്ടുണ്ട്. ആകെയുള്ള ഉപയോഗത്തിൽ രണ്ട് ശതമാനം കുറവാണ് വന്നിരിക്കുന്നത്.
ആരോഗ്യവകുപ്പ് പുറത്തിറക്കിയ ക്ലസ്റ്റർ മാനേജ്മെൻറ് ഗൈഡ് ലൈൻ അനുസരിച്ച് എല്ലാ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഇൻഫക്ഷൻ കൺട്രോൾ ടീം ഉണ്ടായിരിക്കണം.
തിരഞ്ഞെടുത്ത ടീം അംഗങ്ങൾക്ക് സ്ഥാപനങ്ങളിലും ഓഫീസുകളിലും പിന്തുടരേണ്ട മാർഗനിർദേശം സംബന്ധിച്ച് പരിശീലനം നൽകണം. പരിശീലനം സംബന്ധിച്ച പിന്തുണ ആരോഗ്യപ്രവർത്തകർ ജില്ലാ അടിസ്ഥാനത്തിൽ ലഭ്യമാക്കും.
ഒരു ചെക്ക് ലിസ്റ്റ് ഉപയോഗിച്ച് ദിവസവും രോഗലക്ഷണ പരിശോധന നടത്തുക എന്നതാണ് ഈ അവബോധ നിയന്ത്രണ ടീമിൻറെ പ്രധാന ഉത്തരവാദിത്വം.
പത്തിൽ അധികം ആളുകൾക്ക് കോവിഡ് ബാധിച്ചാൽ ആ സ്ഥാപനം ലാർജ് ക്ലസ്റ്റർ ആകും. പത്തിൽ അധികം ആളുകൾക്ക് കോവിഡ് ബാധയേറ്റ അഞ്ച് ക്ലസ്റ്ററുകളിൽ അധികമുണ്ടെങ്കിൽ ആരോഗ്യവകുപ്പ് അധികൃതരുടെ ഉപദേശം അനുസരിച്ച് സ്ഥാപനം/ ഓഫീസ് അഞ്ച് ദിവസത്തേക്ക് അടച്ചിടാൻ തീരുമാനിക്കാം.
സാധ്യമാകുന്നിടത്തെല്ലാം ഓഫീസുകളും സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാനാണ് ശ്രമിക്കേണ്ടത്. എല്ലാ ഓഫീസുകളിലും സ്ഥാപനങ്ങളിലും വെൻറിലേറ്റഡ് സ്പെയ്സസ് ഉണ്ടെന്ന ഉറപ്പാക്കണം. അതോടൊപ്പം ഓഫീസിനുള്ളിൽ കൃത്യമായി മാസ്ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കണം