പോത്തൻകോട്: തോന്നയ്ക്കൽ ആശാൻസ്മാരകത്തിൽ കവിതയും കരവിരുതും കൈകോർക്കുന്നു. മഹാകവി കുമാരനാശാന്റെ വാങ്മയങ്ങൾക്ക് ശില്പഭാഷ്യം ചമച്ച് കവിതയെ കാഴ്ചയിലേക്കാനയിക്കുകയാണ് ശില്പി കാനായി കുഞ്ഞിരാമൻ.
ശില്പനിർമാണം അന്തിമഘട്ടത്തിലാണ്. സ്മാരകം കാണാനെത്തുന്നവർക്ക് അനുഭൂതിയുടെയും ഭാവനയുടെയും ആത്മീയതയുടെയും ചിന്തയുടെയും പുതുലോകങ്ങൾ സമ്മാനിക്കുന്നവയാണ് ശില്പങ്ങൾ.
മുക്കാലേക്കർ വരുന്ന ഭൂമിയിൽ നാല് പ്രധാന ശില്പങ്ങളാണ് ഒരുക്കുന്നത്. ഇവയിൽ പ്രധാനം വീണപൂവിന്റെ ശില്പമാണ്. നിലത്ത് കിടക്കുന്ന സ്ത്രീരൂപമായാണിത് ഒരുക്കിയിട്ടുള്ളത്.
പുൽപ്പടർപ്പുകളിലേക്ക് പടർന്നുകിടക്കുന്ന മുടി, മണ്ണിലാണ്ട തല എന്നിങ്ങനെ ഓരോ അംശത്തിലും കവിത നിറയുന്ന ശില്പമാണിത്. കാനായി കുഞ്ഞിരാമന്റെ ഏറ്റവും വലിയ ശില്പങ്ങളിലൊന്നാണിത്.
ദുരവസ്ഥയിലെ സാവിത്രിയുടെ ശില്പവുമുണ്ട്. ചാത്തൻ പ്രത്യക്ഷത്തിലില്ലെങ്കിലും പണിയായുധങ്ങളിലൂടെ തൊട്ടടുത്തുണ്ട്. മാറ്റുവിൻ ചട്ടങ്ങളെ എന്ന ആഹ്വാനത്തിന്റെ ആവിഷ്‌കാരമാണ് മൂന്നാമത്തേത്. ആശാന്റെ വെങ്കലപ്രതിമ പൂർത്തിയായി.
കാനായി കുഞ്ഞിരാമൻ ഈ ശില്പങ്ങളൊരുക്കാനാരംഭിച്ചിട്ട് പത്ത് വർഷത്തിലധികമായി.
പ്രതിഫലം വാങ്ങാതെയാണ് ശില്പനിർമാണം. സാധനസാമഗ്രികളുടെയും സഹായികളുടെയും ചെലവ് സ്മാരകസമിതി വഹിക്കും.
ഇതിനായി സർക്കാർ വിവിധ കാലയളവിൽ ഫണ്ട് അനുവദിച്ചിട്ടുണ്ട്. ശില്പങ്ങൾ പൂർത്തിയായാലുടൻ നാടിനു സമർപ്പിക്കുമെന്ന് സ്മാരകം ഭാരവാഹികൾ അറിയിച്ചു.