*സിപിഎം ആറ്റിങ്ങൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു*

ആറ്റിങ്ങൽ: ദിനംപ്രതി വർദ്ധിച്ചു വരുന്ന വർഗ്ഗീയ രാഷ്ട്രീയ പകപോക്കലിനെതിരെ ശക്തമായ താക്കീത് നൽകുന്നതിന്റെ ഭാഗമായാണ് ആലംകോട് ജംഗ്ഷനിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചത്. കേരളത്തെ കലാപ ഭൂമിയാക്കരുത് എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് സഖാവ് യു.കെ. കുഞ്ഞിരാമൻ ദിനത്തിൽ സംഘടിപ്പിച്ച യോഗത്തിന്റെ ഉദ്ഘാടനം സിപിഎം ഏരിയ കമ്മിറ്റി അംഗവും മുൻ നഗരസഭ ചെയർമാനുമായ എം.പ്രദീപ് നിർവ്വഹിച്ചു.

സംഘപരിവാർ എസ്.ഡി.പി.ഐ നേതൃത്വങ്ങൾ കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നു. 1992 ഡിസംബർ 6 ന് സംഘപരിവാർ ഭീകരൻമാർ നരസിംഹറാവു സർക്കാരിന്റെ ഒത്താശയോടെ ബാബറി മസ്ജിദ് പൊളിച്ചു കൊണ്ട് വർഗ്ഗീയ വിഭാഗീയതക്ക് തിരികൊളുത്തി. തുടർന്ന് പ്രത്യക്ഷമായും പരോക്ഷമായും മതവികാരം ഉണർത്തി വിടുന്ന തരത്തിലുള്ള അക്രമങ്ങൾ രാജ്യത്ത് ഉടനീളം അരങ്ങേറി. ഇന്ന് നരസിംഹ റാവുൽ നിന്ന് മോദിയിലെത്തി നിൽക്കുമ്പോൾ വർഗ്ഗീയ രാഷ്ട്രീയവും വളർന്നു. ഹിന്ദു രാഷ്ട്രമെന്ന സംഘപരിവാർ അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായി പൗരത്വ ഭേദഗതി അടിച്ചേൽപ്പിച്ച് ഇസ്‌ലാമിക പൗരൻമാരെ രാജ്യത്ത് നിന്ന് തുടച്ചുനീക്കാനുള്ള ശ്രമം, കോർപ്പറേറ്റു ഭീമൻമാരുടെ പാദസേവ ചെയ്യുന്നതിന്റെ ഫലമായി അനിയന്ത്രിത ഇന്ധന പാചകവാതക വില വർദ്ധനവും അതിലൂടെ അനധികൃത സ്വത്ത് സമ്പാദനം, രാജ്യത്തെ കർഷകരെ കൊടും പട്ടിണിക്കാരാക്കുന്ന നിലപാടുമൊക്കെ ഇതിന്റെ ഭാഗമാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്ഥമായി വികസനങ്ങളും ജനക്ഷേമ പ്രവർത്തനങ്ങളും കാലതാമസമില്ലാതെ നടപ്പിലാക്കുന്ന കമ്മ്യൂണിസ്റ്റ് സർക്കാർ ഇവർക്ക് വെല്ലുവിളിയായി തീരുന്നു. ഇവരുടെ യാതൊരുവിധ കടന്നുകയറ്റങ്ങളും സാധ്യമാവാതെ വന്നപ്പോൾ വർഗ്ഗീയ കൊലപാതങ്ങൾ സൃഷ്ടിച്ച് കേരളത്തിന്റെ ക്രമസമാധാനം തകർക്കാൻ യുഡിഎഫിന്റെ മൗനാനുവാദത്തോടെ ഇവർ പരിശ്രമിക്കുന്നത്. കേന്ദ്ര സർക്കാർ ഏജൻസിയായ നീതി ആയോഗിന്റെ സൂചികാ പട്ടികയിൽ പോലും നമ്മുടെ സംസ്ഥാനം ഇപ്പോഴും ഒന്നാമതാണ്. ഒരു പക്ഷേ വർഗ്ഗീയ വിഷം ചീറ്റുന്നവരുടെയും മതം ഒരു കച്ചവട ചരക്കായി കാണുന്നവരുടെയും പദ്ധതികളൊന്നും നമ്മുടെ കൊച്ചു കേരളത്തിൽ വിലപ്പോവില്ല എന്നതാവാം ഇത്തരം മുന്നേറ്റങ്ങൾക്ക് കാരണം. അത് ഇത്തരക്കാരെ ഏറെ അലോസരപ്പെടുത്തുന്നു എന്നതും നമറിയേണ്ട യാഥാർത്ഥ്യമാണെന്നും എം.പ്രദീപ് കൂട്ടിച്ചേർത്തു. 

ഏരിയ കമ്മിറ്റി അംഗങ്ങളായ എം.മുരളി, ആർ.എസ്. അനൂപ്, ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.ചന്ദ്രബോസ്, നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.നജാം തുടങ്ങിയവർ യോഗത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.