ആറ്റിങ്ങൽ: പതിനാലാം പഞ്ചവൽസര പദ്ധതിയുടെ ഭാഗമായി നഗരസഭ ജനകീയാസൂത്രണം പദ്ധതി നിർവ്വഹണത്തിന്റെ ഒന്നാം വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു. ഇതിന്റെ ഉദ്ഘാടനം ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവ്വഹിച്ചു. വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ഷീജ സ്വാഗതവും, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സുധീർ രാജ് പദ്ധതി വിശദീകരണവും നടത്തി. മുനിസിപ്പൽ ലൈബ്രറി ഹാളിൽ വച്ച് നടന്ന പരിപാടിയിൽ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ അവനവഞ്ചേരി രാജു, രമ്യ സുധീർ, ഗിരിജ ടീച്ചർ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.നജാം യോഗത്തിന് നന്ദി പറഞ്ഞു.
നഗരസഭ ജനകീയാസൂത്രണം 2022 - 23 പദ്ധതിയിൽ 16 വർക്കിംഗ് ഗ്രൂപ്പുകളായി തിരിഞ്ഞാണ് ചർച്ചയിൽ പങ്കെടുത്തത്. 1996 ൽ ആരംഭിച്ച പഞ്ചവൽസര പദ്ധതി 25 വർഷം പിന്നിടുമ്പോൾ നിരവധി വികസന പ്രവർത്തനങ്ങളാണ് പട്ടണത്തിൽ നടപ്പിലാക്കാൻ സാധിച്ചത്. ഭവന രഹിതകർക്ക് പാർപ്പിടം, കുടിവെള്ളം, വൈദ്യുതി, റോഡ്, വഴിവിളക്കുകൾ ഉൾപ്പടെ നിരവധി അടിസ്ഥാന സൗകര്യങ്ങൾ സാധ്യമാക്കി. കൂടാതെ ആരോഗ്യ മേഖലയിലും വ്യക്തമായ മുന്നേറ്റം നടത്താൻ സാധിച്ചു. പുതിയ പദ്ധതിയിൽ നഗരത്തിലെ അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാർക്ക് തൊഴിൽ ലഭ്യത ഉറപ്പ് വരുത്താനും, ഒരു കുടുംബത്തിലെ ഒരാൾക്കെങ്കിലും ജോലി എന്നത് യാഥാർത്ഥ്യമാക്കാനും ശ്രമിക്കും. വ്യാപാര മേഖലയിലേക്ക് പുതിയ സംരഭകരെ അകർഷിക്കാനും അതിലൂടെ വരുമാന സ്രോതസ് ഉയർത്താനുള്ള പദ്ധതികൾ നടപ്പിലാക്കും. പട്ടണത്തെ കാർഷിക സ്വയം പര്യാപ്തതയുടെ പൂർണതയിൽ എത്തിക്കാനുള്ള തുടർ പ്രവർത്തനങ്ങളും, വിദ്യാഭ്യാസ രംഗവും മാലിന്യ പരിപാലന മേഖലയും കൂടൽ മെച്ചപ്പെടുത്താൻ പ്രാപ്തമായ ആശയങ്ങൾക്ക് ഊന്നൽ നൽകുന്നതായിരുന്നു ചർച്ച. ജനകീയാസൂത്രണം ആരംഭിച്ചതിന് ശേഷം നഗര രൂപീകരണത്തിന് 40 ശതമാനം പദ്ധതി വിഹിത തുകയും ഇതിലൂടെയാണ് ലഭിക്കുന്നത്. ഇത്തവണ 15 കോടി 25 ലക്ഷം രൂപയാണ് പദ്ധതിക്കായി വകമാറ്റിയിട്ടുള്ളത്. കൂടാതെ കഴിഞ്ഞ വർഷങ്ങളിൽ നിന്നും വിഭിന്നമായി പദ്ധതി നിർവ്വഹണ കാലാവധി കുറച്ചിട്ടുണ്ട്. സമയബന്ധിതമായി തുക ചിലവിട്ട് നിർവ്വഹണം പൂർത്തീകരിക്കാൻ ഇത് ഏറെ ഗുണം ചെയ്യും. ഈ വർക്കിംഗ് ഗ്രൂപ്പ് യോഗത്തിലെ തീരുമാനം ക്രോഡീകരിച്ച് തൊട്ടടുത്ത ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന വാർഡ് സഭകളിൽ അവതരിപ്പിക്കും. അവിടെ നിന്ന് ലഭിക്കുന്ന പുതിയ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തി കൗൺസിൽ യോഗത്തിന്റെ അംഗീകാരത്തിന് സമർപ്പിച്ച് ഈ മാസം 21 ന് തന്നെ ജില്ലാ ആസൂത്രണ സമിതിക്ക് മുമ്പാകെ സമർപ്പിക്കും. ഇത്തരത്തിൽ അനുമതി ലഭിക്കുന്ന പദ്ധതികൾ അതാത് വകുപ്പ് മേധാവികൾക്ക് കൈമാറും. തുടർന്ന് ഏപ്രിൽ ആദ്യത്തോടെ പദ്ധതി നിർവ്വഹണ ചുമതല പൂർണമായും നടപ്പിലാക്കാനും സാധിക്കും.