റെയിൽവേ ഡ്യൂട്ടിക്കു ഡപ്യൂട്ടേഷനിൽ നിയോഗിച്ച കേരള പോലീസിലെ എഎസ്ഐ പ്രമോദാണ് യാത്രക്കാരനെ മുഖത്തടിച്ചു നിലത്തു വീഴിക്കുകയും തുടർന്നു നെഞ്ചിൽ ചവിട്ടി വെളിയിൽ തള്ളുകയും ചെയ്തത്.
ജനറൽ കമ്പാർട്ട്മെന്റിലെ ടിക്കറ്റായിരുന്നു യാത്രക്കാരന്‍റെ കൈവശമുണ്ടായിരുന്നതെന്നു കരുതുന്നു. എന്നാൽ, ഇയാൾ സ്ലീപ്പർ ക്ലാസിൽ മാറി കയറുകയായിരുന്നു. ഈ സമയം ടിക്കറ്റ് പരിശോധനയ്ക്കെത്തിയ എഎസ്ഐ പ്രമോദും സിപിഒ രാഗേഷും യാത്രക്കാരനോടു ടിക്കറ്റ് ആവശ്യപ്പെട്ടു.
ഇയാൾ പേഴ്സിൽനിന്നു ടിക്കറ്റ് പരതുന്നതിനിടെ പ്രകോപിതനായ എസ്എസ്ഐ ഇയാളുടെ കോളറിൽ പിടിച്ചു വലിക്കുകയും മുഖത്ത് അടിച്ചു നിലത്തുവീഴ്ത്തുകയും ചെയ്തു. നിലത്തു വീണ് കിടന്ന യാത്രക്കാരന്‍റെ നെഞ്ചിൽ എഎസ്ഐ പ്രമോദ് ഷൂസിട്ട് ചവിട്ടി പുറത്തേക്കു തള്ളുകയും ചെയ്തു. തുടർന്ന് രാത്രിയിൽ ഇയാളെ വടകര റെയിൽവേ സ്റ്റേഷനിൽ ഇറക്കി വിടുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മറ്റൊരു യാത്രക്കാരനാണ് ഇതു പകർത്തിയത്. എന്നാൽ മദ്യപിച്ചു ട്രെയിനിൽ കയറിയ ആളെ ഇറക്കിവിടുക മാത്രമാണ് ചെയ്തതെന്നും മർദിച്ചിട്ടില്ലെന്നുമാണ് എസ്എസ്ഐയുടെ പ്രതികരണം.
താങ്കൾ യാത്രക്കാരന്‍റെ നെഞ്ചിൽ ചവിട്ടിയോ എന്നു മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ ഏയ് നമ്മൾ അങ്ങനെയൊക്കെ ചെയ്യുമോ? അപമര്യാദയായി പെരുമാറരുതെന്ന് ഡിജിപിയുടെ സർക്കുലർ ഉള്ളതല്ലേ. അതുകൊണ്ട് ഞങ്ങൾ അങ്ങനെ ചെയ്യുമോ എന്നതായിരുന്നു പോലീസുകാരന്‍റെ പ്രതികരണം.
അതേസമയം, യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കേണ്ടതു ടിടിആർ ആണെന്നും പോലീസുകാർക്കു ടിക്കറ്റ് പരിശോധിക്കാൻ അവകാശമില്ലെന്നും യാത്രക്കാർ പറഞ്ഞു.
യാതൊരു പ്രകോപനമോ പ്രതികരണമോ നടത്താത്ത യാത്രക്കാരനെയാണ് പോലീസുകാർ മനുഷ്യത്വരഹിതമായി മർദിച്ചതെന്നു യാത്രക്കാർ പറയുന്നു.
ഇങ്ങനെ മർദിക്കരുതെന്നു മറ്റു യാത്രക്കാർ എഎസ്ഐയോടു പറഞ്ഞെങ്കിലും അയാൾ ചെവിക്കൊണ്ടില്ല. അവസാന ഘട്ടത്തിൽ ടിടിആറും സംഭവ സ്ഥലത്ത് എത്തിയിരുന്നു. യാത്രക്കാരന്‍റെ ചവിട്ടി വെളിയിൽ തള്ളിയ ശേഷം തിരികെ എത്തി നിങ്ങളുടെ സുരക്ഷയ്ക്കു വേണ്ടിയാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നു യാത്രക്കാരോടു പറഞ്ഞിട്ടാണ് എഎസ്ഐയും പോലീസുകാരനും പോയത്.