കോവിഡിന്റെ പുതിയൊരു വകഭേദം കൂടി,ഐഎച്ച്‌യുവിന് ഒമിക്രോണിനേക്കാൾ വ്യാപനശേഷി

പാരിസ് :ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒമിക്രോൺ വകഭേദം വ്യാപിക്കുന്നതിനിടെ ഫ്രാൻസിൽ കോവിഡിന്റെ മറ്റൊരു വകഭേദം കണ്ടെത്തിയതായി റിപ്പോർട്ട്. ഫ്രാൻസിലെ ഐഎച്ച്‌യു മെഡിറ്റെറാൻ ഇൻഫെക്‌ഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ കണ്ടെത്തിയ വകഭേദത്തിന് ഐഎച്ച്‌യു (ബി.1.640.2 വകഭേദം) എന്നാണ് പേരു നൽകിയിരിക്കുന്നത്. ഫ്രാൻസിലെ മാർസേയിൽ പന്ത്രണ്ടോളം പേർക്കാണ് പുതിയ വകഭേദം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇവർ ആഫ്രിക്കൻ രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുണ്ടെന്നാണു റിപ്പോർട്ട്. ഒമിക്രോണിനേക്കാൾ വ്യാപനശേഷിയുള്ള പുതിയ വകഭേദത്തിന് 46 ജനിതക വ്യതിയാനങ്ങൾ സംഭവിച്ചിട്ടുണ്ട്. വാക്സീനുകളെ അതിജീവിക്കാൻ ഇതിന് കഴിയുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ വ്യാപനശേഷി, രോഗതീവ്രത എന്നിവയെ കുറിച്ച് കൂടുതൽ ശാസ്ത്രീയ വിശദീകരണങ്ങൾ പുറത്തുവന്നിട്ടില്ല.