സന്നദ്ധ സംഘടനകള്‍ നാടിൻറ്റെ വികസനത്തിൽ പങ്കാളികളാകണമെന്ന് പെരുമാതുറ സ്നേഹതീരം പ്രസിഡന്റും കിംസ് ഹെൽത്ത് എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഇ എം നജീബ് അഭിപ്രായപ്പെട്ടു.സർക്കാർ ഏജൻസികളെ മാത്രം ആശ്രയിക്കാതെ സന്നദ്ധ സംഘടനകളും പ്രവർത്തകരും ഗ്രാമതലങ്ങളിൽ വികസനപ്രവർത്തനങ്ങൾക്ക് ആക്കംകൂട്ടാൻ പരിശ്രമിക്കണമെന്ന് നജീബ് പറഞ്ഞു. പെരുമാതുറയുടെ സമഗ്രവികസനത്തിനായി കിംസ് ഹെൽത്ത് സിഎംഡി ഡോ എം.ഐ സഹദുള്ള പ്രഖ്യാപിച്ച റീബീൽഡ് പെരുമാതുറ പദ്ധതിക്ക് വേണ്ടിയുള്ള സ്നേഹതീരം ഡെവലപ്പ്മെന്റ് ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മുസ്ലിം അസോസിയേഷൻ പ്രസിഡന്റ് നാസർ കടയറക്ക് ആദ്യ സംഭാവന കൂപ്പൺ നൽകി കൊണ്ടാണ് സ്നേഹതീരം ഡെവലപ്പ്മെന്റ് ഫണ്ട് സമാഹരണോദ്ഘാടനം നിർവഹിച്ചത്.
കിംസ് ഹെൽത്ത് സിഎസ്ആർ ഫണ്ടിൽ നിന്നും ലഭിച്ച 30 ലക്ഷം രൂപയും കിംസ് ട്രസ്റ്റ് നൽകിയ 10 ലക്ഷം രൂപയും വിനിയോഗിച്ച് സ്നേഹതീരം സംഘടിപ്പിച്ച വിവിധ വിദ്യാഭ്യാസ ശാക്തീകരണ പരിപാടികൾ പെരുമാതുറ മേഖലയിലെ വിദ്യാർത്ഥികളുടെ പഠനത്തിന് പുത്തൻ ഉണർവ് നൽകാൻ പ്രയോജനപ്പെട്ടതായി സ്നേഹതീരം ജനറൽ ജനറൽ സെക്രട്ടറി എസ് സക്കീർ ഹുസൈൻ അറിയിച്ചു. കിംസ് ഹെൽത്തിൻ്റെ സഹകരണത്തോടെ സ്നേഹതീരം പെരുമാതുറയിൽ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ നടത്തി വരുന്ന ശാക്തീകരണ പരിപാടികൾക്ക് പുറമേ മറ്റു മേഖലകളില്‍ കൂടി വികസന പദ്ധതികള്‍ നടപ്പാക്കാനാണ് ഫണ്ട് സമാഹരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
സ്നേഹതീരം ജനറല്‍ സെക്രട്ടറി എസ് സക്കീർ ഹുസൈൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് എ നസറൂള്ള, ട്രഷറർ എസ് അബ്ദൂൽ ലത്തീഫ്, ഫിനാൻസ് കമ്മിറ്റി ചെയര്‍മാന്‍ തോപ്പില്‍ നസീർ, ഡെവലപ്മെന്റ് കമ്മിറ്റി കണ്‍വീനര്‍ എ അൻവർ എന്നിവര്‍ പങ്കെടുത്തു.