കല്ലമ്പലം: നാവായിക്കുളം, കരവാരം, മണമ്പൂർ, ഒറ്റൂർ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് മാലിന്യസംസ്കരണത്തിനു സ്ഥിരം സംവിധാനമില്ല. ഇതു പൊതുനിരത്തുകളിൽ മാലിന്യം നിറയുന്നതിനു കാരണമാകുന്നു. പൊതുസ്ഥലങ്ങളിൽ തോന്നുംപടി മാലിന്യം വലിച്ചെറിയുന്നത് നാട്ടുകാർക്കും യാത്രക്കാർക്കും ഏറെ ദുരിതമാകുകയാണ്.
വിജനമായ ഇടങ്ങളും പറമ്പുകളും കേന്ദ്രീകരിച്ച് സ്ഥിരമായി മാലിന്യം തള്ളുന്നുണ്ട്.
നാവായിക്കുളം പഞ്ചായത്തിലെ പറകുന്ന് കുണ്ടുമൺകാവ് ക്ഷേത്രത്തിനു സമീപത്ത് ലോറിയിൽ തള്ളാൻ കൊണ്ടുവന്ന മാലിന്യം നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചതാണ് ഒടുവിലത്തെ സംഭവം.
നാവായിക്കുളം പഞ്ചായത്തിലെ പറകുന്ന് പ്രദേശവും മങ്ങാട്ടുവാതുക്കൽ ദേശീയപാതയോരവും കരവാരം പഞ്ചായത്തിലെ ഈരാണിക്കോണം, തോട്ടയ്ക്കാട്, മണമ്പൂർ പഞ്ചായത്തിലെ കടുവയിൽപ്പള്ളി പ്രദേശവും ഒറ്റൂർ പഞ്ചായത്തിലെ പ്രസിഡന്റ് ജങ്ഷൻ, കൂട്ടിക്കട, മൂങ്ങോട്, വടശ്ശേരിക്കോണം റോഡ്, സ്ഥിരം മാലിന്യംതള്ളുന്ന കേന്ദ്രങ്ങളായി മാറി. ദുർഗന്ധം കാരണം വഴിനടക്കാൻ കഴിയാതെയായി.
സമീപത്തെ വീടുകളിൽ താമസിക്കുന്നവർ ഏറെ ബുദ്ധിമുട്ടുകയാണ്. സ്ഥിരം സംവിധാനത്തിനു നടപടി ഉണ്ടാക്കുമെന്ന് മുമ്പ് ജനപ്രതിനിധികൾ വാഗ്ദാനം നൽകിയെങ്കിലും എങ്ങുമെത്തിയില്ല.
സ്ഥിരമായി മാലിന്യം തള്ളുന്ന ഇടങ്ങളിൽ ക്യാമറകൾ സ്ഥാപിക്കാനുള്ള ശ്രമവും ഉണ്ടാകുന്നില്ല.
ഹോട്ടലുകൾ, ആശുപത്രികൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള മാലിന്യങ്ങളാണ് പൊതുസ്ഥലങ്ങളിൽ കൊണ്ടിടുന്നത്.
നാവായിക്കുളത്ത് ദേശീയ പാതയുടെ വശങ്ങളിലും ഇടറോഡുകളിലും ശുചിമുറി മാലിന്യം രാത്രിയിൽ ടാങ്കർ ലോറികളിൽ കൊണ്ടുവന്ന് ഒഴുക്കാറുമുണ്ട്. പലപ്പോഴും നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിട്ടുണ്ട്.
എങ്കിലും ഇത് ആവർത്തിക്കുകയാണ് ചെയ്യുന്നത്. തടയാൻ കാര്യമായ നടപടികൾ സ്വീകരിക്കാറില്ല. മാലിന്യംതള്ളുന്നത് കാരണം പ്രദേശത്ത് ആരോഗ്യപ്രശ്നങ്ങളുണ്ട്. തെരുവുനായകളുടെ ശല്യവും രൂക്ഷം.
മാലിന്യസംസ്കരണ സംവിധാനമാണ് ഇതിനുള്ള ശാശ്വതപരിഹാരം. അതിനായി തദ്ദേശസ്ഥാപനങ്ങൾ മുൻകൈ എടുക്കുന്നുമില്ല.