തിരുവനന്തപുരം:ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ ഇത്തവണത്തെ പൊങ്കാല മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തി.ക്ഷേത്രത്തിന്റെ പെയിന്റിംഗ് പണികളും പന്തൽ നിർമ്മാണവും പൂർത്തിയായി. ഗോപുരവാതിലിലും ജംഗ്ഷനിലുമുള്ള പന്തലുകളുടെ നിർമ്മാണം പൂർത്തിയായിവരുന്നു. ഉത്സവ ദിവസങ്ങളിൽ കൊവിഡ് മാനദണ്ഡം പാലിച്ച് ദർശനത്തിനെത്തുന്ന ഭക്തരുടെ എണ്ണം നിയന്ത്രിച്ചു മാത്രമേ പ്രവേശനം അനുവദിക്കൂ. ഈ ക്രമീകരണം നടപ്പിലാക്കുന്ന വിധത്തിലാണ് ബാരിക്കേഡ് നിർമ്മിക്കുന്നത്.
ഫെബ്രുവരി 9ന് ആരംഭിക്കുന്ന ഉത്സവം 18ന് സമാപിക്കും.9ന് രാവിലെ 10.50നാണ് കാപ്പ് കെട്ടി കുടിയിരുത്തൽ ചടങ്ങ്.അന്ന് വൈകിട്ട് 6.30ന് കലാപരിപാടികളുടെ ഉദ്ഘാടനം സൂപ്പർതാരം മോഹൻലാൽ നിർവഹിക്കും. ചടങ്ങിൽ ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ ഈ വർഷത്തെ അംബാ പുരസ്കാരം മോഹൻലാലിന് സമ്മാനിക്കും.50,000 രൂപയും ദേവിരൂപം പതിച്ച സ്വർണ്ണ ലോക്കറ്റും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.മോഹൻലാലിന്റെ വിവാഹത്തിന്റെ താലികെട്ട് നടന്നത് ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലാണ്.2011 മുതലാണ് അംബാ പുരസ്കാരം ഏർപ്പെടുത്തിയത്.11ന് രാവിലെ 8.30നാണ് കുത്തിയോട്ട വ്രതം ആരംഭിക്കുന്നത്.ഒരു ബാലനെ മാത്രം പങ്കെടുപ്പിച്ച് ആചാരംമുടക്കാതെയുള്ള പണ്ടാരഓട്ടം മാത്രമേ ഇത്തവണയും ഉണ്ടാകൂ.കൊവിഡ് സാഹചര്യത്തിൽ കുത്തിയോട്ട രജിസ്ട്രേഷൻ നടത്തിയിരുന്നില്ല.17ന് രാവിലെ 10.50നാണ് പൊങ്കാല അടുപ്പിൽ തീ പകരുന്നത്.ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീ പകർന്ന ശേഷം പണ്ടാര അടുപ്പിൽ അഗ്നി തെളിക്കും.ഉച്ചയ്ക്ക് 1.20ന് പൊങ്കാല നിവേദ്യം കുത്തിയോട്ടത്തിന് ചൂരൽ കുത്തുന്നത് രാത്രി 7.30നാണ്. 10.30ന് പുറത്തെഴുന്നള്ളത്ത്.18ന് രാത്രി 9.45ന് കാപ്പഴിച്ച് കുടിയിളക്കൽ ചടങ്ങ് നടക്കും. 1ന് നടക്കുന്ന കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.