വർക്കല: വർക്കല പൊലീസ് സബ് ഡിവിഷനിൽ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും കുറ്റകൃത്യങ്ങൾ തടയാനുമുള്ള നടപടികളുമായി വർക്കല ഡിവൈ.എസ്.പി പി. നിയാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞദിവസം വർക്കല സബ് ഡിവിഷനിൽ മിന്നൽ റെയ്ഡ് നടത്തി.
കഴിഞ്ഞ ദിവസം രാത്രി മുഴുവൻ നീണ്ടുനിന്ന പരിശോധനയിൽ നിരവധി പേർ പിടിയിലായി. ഇതിൽ പിടികിട്ടാപ്പുള്ളികളും, ഗുണ്ടകളും, സ്ഥിരം കുറ്റവാളികളും ഉൾപ്പെടും. കഴിഞ്ഞദിവസം രാത്രിയിൽ ആരംഭിച്ച റെയ്ഡ് പുലർച്ചെ വരെ നീണ്ടു. റെയ്ഡിൽ ലോങ്ങ് പെന്റിംഗ് വാറണ്ട് ഉള്ളതും സബ് ഡിവിഷന് കീഴിലുള്ള വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിൽ വർഷങ്ങളായി പൊലീസിനെ വെട്ടിച്ച് മുങ്ങി നടന്ന 6 പ്രതികളെയും 17 വാറണ്ട് പ്രതികളും ഉണ്ട്. നിലവിൽ അന്വേഷണത്തിലിരിക്കുന്ന വിവിധ കേസുകളിൽ അറസ്റ്റ് ചെയ്യപ്പെടേണ്ട 9 പ്രതികളെയും അറസ്റ്റുചെയ്തു. വർക്കല സബ് ഡിവിഷൻ പരിധിയിലുള്ള ഗുണ്ടാലിസ്റ്റിലുള്ള 59 പേരെ തിരിച്ചറിയുകയും ഇവരിൽ ഇപ്പോഴും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന 23 പേരെ പ്രിവൻറ്റീവ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അവശേഷിക്കുന്ന 36 പേരെ പൊലീസ് നിരീക്ഷിച്ച് വരുന്നു.
ഗുണ്ടാ പ്രവർത്തനങ്ങൾ അമർച്ച ചെയ്യുന്നതിനും പൊതുജനങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും പൊതു സമാധാന നില മെച്ചപ്പെടുത്തുന്നതിനായും തിരുവനന്തപുരം ജില്ലാ റൂറൽ പൊലീസ് മേധാവി ഡോ. ദിവ്യ വി.ഗോപിനാഥിന്റെ പ്രത്യേക നിർദ്ദേശ പ്രകാരമായിരുന്നു.വർക്കല സബ് ഡിവിഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായ വി.പ്രശാന്ത്, ശ്രീജേഷ്, ചന്ദ്രദാസ്, അജേഷ്, ഫിറോസ്, ശ്രീജിത്ത് എന്നിവർ റെയ്ഡിൽ പങ്കെടുത്തു. വരുംദിവസങ്ങളിലും സബ് ഡിവിഷൻ പരിധിയിൽ ശക്തമായ പരിശോധനകൾ ഉണ്ടാകും. ഗുണ്ടകളെ കരുതൽ തടങ്കലിൽ ആക്കാനും സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കുവാനും നടപടികൾ ആരംഭിച്ചിട്ടുണ്ട്. വാറണ്ടുകൾ നടപ്പിലാക്കുന്നതിനും കേസ് അന്വേഷണങ്ങൾ വേഗത്തിലാക്കുന്നതിനും കുറ്റകൃത്യങ്ങളിൽ പെട്ട് ഒളിവിൽ കഴിയുന്നവരെ പിടികൂടുന്നതിനും പ്രത്യേക ടീമിനെ സജ്ജമാക്കിയതായും പൊലീസിന്റെ രാത്രികാല പട്രോളിങ്ങ് വിനോദസഞ്ചാര കേന്ദ്രമായ വർക്കല പാപനാശം ഉൾപ്പടെയുള്ള മേഖലകളിൽകൂടുതൽ ശക്തമാക്കിയതായും വർക്കല ഡിവൈ.എസ്.പി പി. നിയാസ് പറഞ്ഞു"