കോവിഡ് പ്രതിസന്ധിമൂലം ഉണ്ടായ കടബാധ്യതയിൽ മനംനൊന്ത് ഹോട്ടലുടമ ഹോട്ടലിന് പുറകുവശത്തെ ചായ്പിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. കരവാരം, പന്തുവിള, പുത്തൻവീട്ടിൽ (ലക്ഷ്മിവിലാസം) വിജയകുമാർ (52) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ഇദ്ദേഹത്തെ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ദേശീയപാതയോരത്ത് കടുവാപ്പള്ളിക്ക് സമീപം ന്യൂലാന്റ് എന്ന പേരിൽ ഹോട്ടൽ നടത്തിവരുകയായിരുന്നു. മിക്ക ദിവസങ്ങളിലും രാത്രിയിൽ ഹോട്ടലിൽ കിടന്നുറങ്ങുന്ന ശീലമുണ്ടായിരുന്നതിനാൽ ഇദ്ദേഹത്തെ ഞായറാഴ്ച രാത്രിയിലും വീട്ടിൽ എത്താത്തിനാൽ വീട്ടുകാർ അന്വേഷിച്ചിരുന്നില്ല. തിങ്കളാഴ്ച രാവിലെ ഹോട്ടൽ അടഞ്ഞുകിടന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കോവിഡിനെ തുടർന്ന് വളരെകാലം ഹോട്ടൽ അടഞ്ഞുകിടന്നത് ഇദ്ദേഹത്തെ സാമ്പത്തികമായി തളർത്തിയിരുന്നതായും വൻ കടബാധ്യതയിലായിരുന്നുവെന്നും ഇദ്ദേഹത്തിന്റെ മകൻ അറിയിച്ചതായി പൊലീസ് അറിയിച്ചു. കല്ലമ്പലം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഭാര്യ ഷീജ. മക്കൾ അഖിൽ, നീതു.