ഇൻഡ്യൻ കോഫി ഹൗസ് തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് ബ്രാഞ്ചിലെ കൗണ്ടർ ജീവനക്കാരൻ ഗോപൻ അന്തരിച്ചു. 43 വയസ്സായിരുന്നു. കോഫിഹൗസ് തൃശൂർ ഹെഡ് ഓഫീസിൽ നടന്ന ഒരു യോഗത്തിൽ പങ്കെടുത്ത ശേഷം തിരിച്ചു തിരുവനന്തപുരത്തേക്ക് വരുന്നതിനായി റെയിൽവെ സ്റ്റേഷനിലേക്ക് പോകുന്നതിനിടെ ഉച്ചഭക്ഷണം കഴിക്കുന്നതിനായി ഹോട്ടലിൽ കയറിയ ഗോപൻ തളർന്നുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം അനന്തരനടപടികൾക്ക് ശേഷം നാളെ (29-1-22 ) തിരുവനന്തപുരത്തേക്ക് കൊണ്ടുവരും. ഹൃദയാഘാതമാണ് മരണകാരണമെന്നറിയുന്നു. സംസ്കാരം നാളെ സ്വദേശമായ കാട്ടാക്കട കുറ്റിച്ചൽ വീട്ടുവളപ്പിൽ നടക്കുമെന്നു ബന്ധുക്കൾ അറിയിച്ചു. ഇൻഡ്യൻ കോഫി ഹൗസിലെ സൗമ്യഭാവങ്ങളിൽ ഒരാളാണ് ഗോപൻ . യുവത്വത്തിന്റെ പ്രസരിപ്പും , സജീവതയും എപ്പോഴും ഗോപനിൽ പ്രകടമായിരുന്നു. പരിചയക്കാർക്കും , അറിയുന്നവർക്കുമൊക്കെ ഏറെ പ്രീയപ്പെട്ടവനായിരുന്നു ഗോപനെന്ന് കോഫിഹൗസ് ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു. കോഫിഹൗസിൽ നേരത്തേ ജീവനക്കാരിയായിരുന്ന ദിവ്യയാണ് ഭാര്യ. ഏക മകൾ നന്ദന ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു.