കോവളം∙ മുക്കുപണ്ടം പണയം വച്ച് 1.2 ലക്ഷം രൂപ തട്ടിയ കേസിൽ യുവാവും ഇയാളുടെ പെൺ സുഹൃത്തും പിടിയിൽ. 15ന് നടന്ന സംഭവത്തിൽ പൂന്തുറ മാണിക്യ വിളാകം ആസാദ് നഗറിൽ അബ്ദുൽ റഹ്മാൻ (42),വളളക്കടവ് കൽമണ്ഡപം ഖദീജ മൻസിലിൽ റംസി (24) എന്നിവരെയാണ് തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവല്ലം വണ്ടിത്തടം അപർണ ഫിനാൻസിൽ കാറിലെത്തിയ പ്രതികൾ 36 ഗ്രാം സ്വർണം പണയം വച്ച് 1, 20,000 രൂപ വാങ്ങി പോയി.
പരിശോധനയിൽ ആഭരണം വ്യാജമാണെന്നു മനസ്സിലായ ഉടമ ഇവർ നൽകിയ മൊബൈൽ നമ്പറിൽ വിളിക്കാൻ ശ്രമിച്ചു. എന്നാൽ നമ്പറിൽ 9 അക്കം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുഞ്ചക്കരി ഭാഗത്തേക്ക് പോയ കാറിനെ പിൻ തുടർന്നെങ്കിലും പ്രതികൾ രക്ഷപ്പെട്ടു. തുടർന്ന് പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളുടെ രൂപം മനസ്സിലാക്കിയാണ് പൊലീസ് ഇവരെ പിടികൂടിയത്. തട്ടിപ്പിന് ശേഷം വാഹനത്തിന്റെ നമ്പർ ചുരണ്ടി മാറ്റിയിരുന്നു. കാറിന്റെ മുകൾ ഭാഗം കറുത്ത നിറമാക്കി.
പൂന്തുറ പൊലീസ് സ്റ്റേഷൻ പരിധിയിലെ സമാന തട്ടിപ്പ് കൂടാതെ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ബൈക്ക് മോഷണ കേസിലെ പ്രതി കൂടിയാണ് അബ്ദുൽ റഹ്മാൻ. പ്രതികൾക്ക് മുക്കുപണ്ടം കിട്ടിയതിന്റെ ഉടവിടം അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. ഫോർട്ട് അസി.കമ്മിഷണർ എസ്.ഷാജി, തിരുവല്ലം എസ്എച്ച്ഒ:സുരേഷ്.വി.നായർ, എസ്ഐമാരായ ബിപിൻ പ്രകാശ്, വൈശാഖ്, സതീഷ് കുമാർ, സിപിഒമാരായ രാജീവ് കുമാർ, രാജീവ്, രമ, സെലിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടി കൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.
പ്രതികളെക്കുറിച്ച് കാര്യമായ സൂചനകൾ ഇല്ലാതിരുന്ന കേസിൽ രണ്ടാഴ്ചത്തെ പരിശ്രമത്തിനൊടുവിലാണ് പൊലീസ് പ്രതികളെ കുടുക്കിയത്. സൈബർ സഹായവും ലഭ്യമാക്കി. വാഹന നമ്പർ ഭാഗികമായി ചുരണ്ടി മാറ്റിയത് അന്വേഷണ സംഘത്തെ കുഴക്കിയിരുന്നു. തുടർന്ന് ആയിരക്കണക്കിനു കാറുകളുടെ നമ്പറുകൾ പരിശോധിച്ചതിലൂടെയാണ് തുമ്പു ലഭിച്ചത്. പ്രതികളിൽ അബ്ദുൽ റഹ്മാന് മുന്തിയ ഇനം പൂച്ചകളുടെ കച്ചവടവും ഉള്ളതായി പൊലീസ് അറിയിച്ചു