തിരുവനന്തപുരം:കവടിയാറിൽ സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ കവി ഒ.എൻ.വി. കുറുപ്പിന് സ്മാരകം നിർമിക്കും. കവടിയാർ കൊട്ടാരം വകഭൂമിയിൽനിന്നു മിച്ചഭൂമിയായി സർക്കാരിനു ലഭിച്ച സ്ഥലത്താണ് കവിക്ക് സ്മാരകം വരുന്നത്. ഇതിനായി 30 സെന്റ് സ്ഥലം സാഹിത്യ അക്കാദമിക്ക് കൈമാറാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായി.
സ്മാരകത്തിന്റെ നിർമാണപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ സമിതിയെ നിയോഗിക്കും. സമിതിയിൽ സാഹിത്യ അക്കാദമി പ്രതിനിധിക്കൊപ്പം തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങളെയും ഉൾപ്പെടുത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി അക്കാദമി അധ്യക്ഷൻ വൈശാഖൻ പറഞ്ഞു.
ഒ.എൻ.വി.യുടെ ഓർമ നിലനിർത്തുന്ന മ്യൂസിയം, ഓഡിറ്റോറിയം എന്നിവ ഉൾപ്പെടുന്നതാവും സ്മാരകം. സ്മാരകത്തിനുള്ളിൽ ഒ.എൻ.വി.യുടെ റെക്കോർഡ് ചെയ്ത കവിതകളും ഗാനങ്ങളും സന്ദർശകർക്ക് കേൾക്കാവുന്നവിധം സജ്ജീകരിക്കും. ഒ.എൻ.വി.ക്ക് ലഭിച്ച പുരസ്‌കാരങ്ങളും സ്മാരകത്തിൽ പ്രദർശിപ്പിക്കും.