ആറ്റിങ്ങൽ ട്രഷറിക്ക് സമീപം 2 പെൺകുട്ടികളെ ആംബുലൻസ് ഇടിച്ച് തെറിപ്പിച്ചു

ആറ്റിങ്ങൽ: കച്ചേരി നടയിൽ ട്രഷറിക്ക് സമീപം ദേശീയപാത മുറിച്ച് കടക്കാൻ ശ്രമിച്ച രണ്ട് പെൺകുട്ടികളെയാണ് ആംബുലൻസ് ഇടിച്ചു തെറിപ്പിച്ചത്. രോഗിയുമായി മെഡിക്കൽ കോളേജിലേക്ക് പോകുന്ന ആംബുലൻസിനെ ശ്രദ്ധിക്കാതെയാണ് 20 വയസോളം പ്രായം തോന്നിക്കുന്ന 2 പെൺകുട്ടികൾ റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചു വീണു. വീഴ്ചയിൽ ഒരു കുട്ടിയുടെ തല ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. തലക്ക് ആഘാതമേറ്റ കുട്ടി അബോധാവസ്ഥയിലാണ്. സ്ഥലത്തുണ്ടായിരുന്ന നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരിയും കൂടി നിന്ന നാട്ടുകാരും ചേർന്ന് ഇടിച്ച ആംബുലൻസിൽ തന്നെ കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് അയച്ചു.