*എയര്‍ ഇന്ത്യയെ വ്യാഴാഴ്ച ടാറ്റയ്ക്ക് കൈമാറും; വിറ്റത് 2.8 കോടിക്ക്, തിരിച്ചുപിടിച്ചത് 18000 കോടിക്ക്*

ന്യൂഡൽഹി: സർക്കാർ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയെ വ്യാഴാഴ്ച ടാറ്റ ഗ്രൂപ്പിന് കൈമാറും. ഇതോടെ എയർ ഇന്ത്യ സ്വകാര്യ മേഖലയിലെ വിമാന സർവീസായി മാറും. നടപടി ക്രമങ്ങൾ പൂർത്തിയാകുന്നതോടെ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ എയർലൈനുകൾ ടാറ്റയുടെതാകും. 18,000 കോടി രൂപയ്ക്കാണ് ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയെ സ്വന്തമാക്കിയത്.

എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകളുടെ മുഴുവൻ ഓഹരിയും എയർ ഇന്ത്യയുടെ കാർഗോ വിഭാഗമായ സാറ്റ്സിന്റെ 50 ശതമാനം ഓഹരിയുമാണ് ടാറ്റയ്ക്ക് ലഭിക്കുക. കമ്പനിയുടെ അന്തിമ വരവ് ചെലവ് കണക്ക് എയർ ഇന്ത്യ കഴിഞ്ഞ ദിവസം ടാറ്റയ്ക്ക് കൈമാറി.

കനത്ത കടബാധ്യത ചൂണ്ടിക്കാട്ടി എയർ ഇന്ത്യയെ വിറ്റഴിക്കാൻ കേന്ദ്രസർക്കാർ പലതവണ നടത്തിയ ശ്രമത്തിനൊടുവിൽ കഴിഞ്ഞ ഒക്ടോബറിലാണ് 18,000 കോടി രൂപയ്ക്ക് ടാറ്റ ഗ്രൂപ്പ് ലേലത്തിനെടുത്തത്. എയർ ഇന്ത്യയുടെ ആകെ കടത്തിൽ 15300 കോടി രൂപ ടാറ്റ ഏറ്റെടുക്കും. ടെൻഡർ തുകയിൽ ബാക്കിയുള്ള 2700 കോടി രൂപ കേന്ദ്രസർക്കാരിന് പണമായി കൈമാറും.

ജെആർഡി ടാറ്റ തുടക്കത്തിൽ ടാറ്റ എയർ സർവീസസ് എന്നും പിന്നീട് ടാറ്റ എയർലൈൻസ് എന്നും പേരിട്ട് തുടക്കം കുറിച്ച വിമാന സർവീസ് 1953ലാണ് ദേശസാത്കരണത്തിലൂടെ കേന്ദ്രസർക്കാർ ഏറ്റെടുത്ത് പൊതുമേഖലാ സ്ഥാപനമാക്കിയത്. ടാറ്റാ ഗ്രൂപ്പിന് 2.8 കോടിരൂപ കൊടുത്താണ് കമ്പനിയുടെ മുഴുവൻ ഓഹരികളും അന്ന് സർക്കാർ വാങ്ങിയത്.

2007ൽ എയർ ഇന്ത്യയും ഇന്ത്യൻ എയർലൈൻസും ലയിപ്പിച്ചു. ഇതുവരൊയി എഴുപതിനായിരം കോടിയുടെ സഞ്ചിത നഷ്ടമുണ്ടാക്കിയ എയർ ഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കാനുള്ള നടപടികൾ കേന്ദ്രസർക്കാർ ആരംഭിക്കുന്നത് 2017ലായിരുന്നു. 69 വർഷത്തിനു ശേഷമാണിപ്പോൾ എയർ ഇന്ത്യയുടെ കോക്പിറ്റിലേക്ക് ടാറ്റാ ഗ്രൂപ്പ് മടങ്ങിയെത്തുന്നത്.

ടാലാസ് എന്ന ഉപകമ്പനിയുടെ പേരിലാണ് ടാറ്റാ സൺസ് എയർ ഇന്ത്യയെ സ്വന്തമാക്കിയത്. ഉടമസ്ഥാനവകാശം ലഭിച്ച ഉടൻ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് പുനരുജ്ജീവന പാക്കേജിന്റെ ഭാഗമായി പ്രവർത്തന സേവന നിലവാരം മെച്ചപ്പെടുത്താൻ 100 ദിവസത്തെ പദ്ധതി ടാറ്റ ഗ്രൂപ്പ് തയ്യാറാക്കുന്നുണ്ട്.

അതിനിടെ ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കിയെന്ന് ആരോപിച്ച് എയർ ഇന്ത്യ ജീവനക്കാർ രംഗത്തുവന്നു. എയർ ഇന്ത്യക്കെതിരേ നിയമനപടി സ്വീകരിക്കാനും ഒരുവിഭാഗം ജീവനക്കാർ ആലോചിക്കുന്നുണ്ട്.